പാഴായത് 11 ലക്ഷം
കട്ടപ്പന: 11 ലക്ഷം രൂപ മുതൽമുടക്കി കട്ടപ്പന നഗരത്തിന്റെ 16 ഇടങ്ങളിൽ സ്ഥാപിച്ച നൈറ്റ് വിഷൻ ക്യാമറകൾ വെറുംനോക്കുകുത്തിയായി മാറി. 2018 ലാണ് കട്ടപ്പന നഗരസഭ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചത്. പാറക്കടവ്, ഇടശ്ശേരി ജംഗ്ഷൻ, ഐ.ടി.ഐ ജംഗ്ഷൻ, ഇടുക്കി കവല, സെൻട്രൽ ജംഗ്ഷൻ തുടങ്ങിയ നഗരത്തിന്റെ പ്രധാന ഇടങ്ങളിലെല്ലാമായി 32 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചത്. എന്നാൽ അവയെല്ലാം ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഇടുക്കി കവലയിലേതടക്കം ക്യാമറകൾ ഒടിഞ്ഞു തൂങ്ങിയ സ്ഥിതിയിലുമാണ്. നഗരസഭ ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം കാണിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കൃത്യമായി അറ്റകുറ്റപണി നടത്തുകയോ തകരാറുകൾ പരിഹരിക്കുകയോ ചെയ്യാൻ നഗരസഭ വിമുഖത കാണിച്ചെന്നാണ് പരാതി ഉയരുന്നത്. നഗരത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ക്യാമറകൾ മുമ്പ് സഹായകരമായിരുന്നു. ഒപ്പം നഗരത്തിൽ ഉണ്ടാകുന്ന അപകടങ്ങളിൽ കൃത്യമായി വിവരം പൊലീസിന് ലഭ്യമാക്കുന്നതിനും ക്യാമറകൾ ഉപകരിച്ചിരുന്നു. കൂടാതെ മാലിന്യ നിക്ഷേപം, സാമൂഹ്യവിരുദ്ധ പ്രവർത്തനം എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കാനും ഇത്തരത്തിലെ പ്രവണതകൾ ഒഴിവാക്കാനും ക്യാമറകൾ സഹായകരമായിരുന്നു. ക്യാമറകൾ പ്രവർത്തനരഹിതമായതോടെ നഗരം വലിയ സുരക്ഷാ വീഴ്ചയെയാണ് അഭിമുഖീകരിക്കുന്നത്. ബന്ധപെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
സ്ഥാപിച്ചത് ആറ് വർഷം മുമ്പ്
2018ൽ നഗര സൗന്ദര്യവത്കരണത്തിനും സുരക്ഷയ്ക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായാണ് 11 ലക്ഷം രൂപ മുതൽമുടക്കി 16 ഇടങ്ങളിലായി 32 നൈറ്റ് വിഷൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിലായിരുന്നു ക്യാമറ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നത്. കൂടാതെ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സേവനവും ഇവിടെ ഉണ്ടായിരുന്നു.