kmly
കുമളി കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ ഗതാഗത തടസ്സം ഉണ്ടാകുംവിധം വാഹനങ്ങൾ റോഡിലേക്ക് കയറി പാർക്ക് ചെയ്തിരിക്കുന്നു

കുമളി: കൊട്ടാരക്കര- ദിഡുക്കൽ ദേശീയപാതയുടെ ഭാഗമായ കുമളിയിലെ ഹോളീഡേ ഹോം ജംഗ്ഷൻ മുതൽ തേക്കടി ജംഗ്ഷൻ വരെയുള്ള ഭാഗത്ത് വാഹനങ്ങൾ നടുറോഡിൽ പാർക്ക് ചെയ്താലും ആരും ചോദിക്കാൻ ഇല്ലാത്ത അവസ്ഥയാണ്. കുമളിയിലെ റോഡുകളിൽ പാർക്കിംഗ് നിയന്ത്രിക്കുന്നത് ഉപ്പേരിയും ഹൽവായും വിൽക്കുന്ന വ്യാപാരികളുടെ ജീവനക്കാരാണ്. നടുറോഡിൽ ഇറങ്ങി നിന്ന് റോഡിലൂടെ വരുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി തങ്ങളുടെ കടകളിലേക്ക് ഉപഭോക്താക്കളെ കയറ്റുന്നതിന് വേണ്ടി പാർക്കിംഗ് നിയന്ത്രണം ഇവർ ഏറ്റെടുത്തിരിക്കുകയാണ്. കുമളി കുളത്തു പാലത്ത് കെ.എസ്.ആർ.ടി.സി ജംഗ്ഷന് സമീപം റോഡിലേക്ക് കയറ്റി അഞ്ചും ആറും മിനി ബസുകളാണ് ഇത്തരത്തിൽ പാർക്ക് ചെയ്യുന്നത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് മടങ്ങുന്ന അയ്യപ്പഭക്തരാണ് ഇവരുടെ ഇരകൾ. ചെറുതും വലുതുമായ വാഹനങ്ങൾ റോഡിൽ തലങ്ങും വിലങ്ങും പാർക്ക് ചെയ്ത് യാത്രക്കാരെ കടകളിൽ എത്തിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്ന് എത്തിയിട്ടുള്ള സംഘങ്ങൾ ഇവിടെ സജീവമാണ്. ഓരോ കടകൾക്കുവേണ്ടി പ്രത്യേകം പ്രത്യേകം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവർ തമ്മിൽ വാഹനങ്ങൾക്ക് വേണ്ടി സംഘർഷം ഉണ്ടാകുന്നതും പതിവാണ്. എല്ലാവർഷവും ശബരിമല തീർത്ഥാടന സമയത്ത് യാത്രക്കാരെ കടകളിൽ എത്തിക്കാൻ പ്രവർത്തിച്ചിരുന്ന സംഘങ്ങൾ ഇപ്പോൾ സ്ഥിരമായി കുമളിയിൽ തമ്പടിച്ചിരിക്കുകയാണ്. മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായാലും പൊലീസ് തിരിഞ്ഞ് നോക്കാറില്ല. കുമളിയിലെ നിരത്തുകളിൽ വാഹന പാർക്കിംഗ് ഏറ്റെടുത്ത് വിലസുന്ന തമിഴ്നാട് സംഘങ്ങളെ നിയന്ത്രിക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.