ഇടുക്കി: നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെ വനമേഖലയിലൂടെയുള്ള യാത്രകൾക്ക് ദുരന്ത നിവാരണ നിയമ പ്രകാരം ഏർപ്പെടുത്തിരുന്ന നിയന്ത്രണങ്ങൾ ജില്ലാ കളക്ടർ പിൻവലിച്ചു. മേഖലയിലൂടെയുള്ള യാത്രയ്ക്ക് അത്യാവശ്യമില്ലാത്ത നിയന്ത്രണമേർപ്പെടുത്തിയതിൽ പ്രതിഷേധം വ്യാപകമായിരുന്നു. നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള വന മേഖലയിലെ അപകടകരമായി നിൽക്കുന്ന എല്ലാ മരങ്ങളും മരക്കൊമ്പുകളും അടിയന്തരമായി വെട്ടിനീക്കി 15 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാൻ ജില്ലാ കളക്ടർ മൂന്നാർ ഡി.എഫ്.ഒയെ ചുമതലപ്പെടുത്തി. ഈ ഭാഗത്തെ അപകടസാദ്ധ്യത അടിയന്തരമായി പരിഹരിക്കുന്നതിന് ഈ പ്രദേശത്തെ മരങ്ങൾ മുറിക്കുന്നതിന് നിരവധി തവണ നിർദേശം നൽകിയിട്ടും മൂന്നാർ ഡി.എഫ്.ഒയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായില്ല. അതിനാൽ മരങ്ങളോ മരക്കൊമ്പുകളോ മൂലം ഉണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും ഡി.എഫ്.ഒ ഉത്തരവാദിയായിരിക്കുമെന്നും ദുരന്ത നിവാരണ നിയമം 2005 പ്രകാരമുള്ള നടപടികൾക്ക് വിധേയമായിരിക്കുമെന്നും കളക്ടർ അറിയിച്ചു. ഈ ഉത്തരവിനു വിരുദ്ധമായ പ്രവർത്തിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.