പീരുമേട്: പോപ്സ് കമ്പനിയുടെ വണ്ടിപ്പെരിയാർ പശുമല ഒന്നാം ഡിവിഷനിൽ തേയിലച്ചെടിയിൽ നിന്ന് കൊളുന്ത് എടുക്കുമ്പോൾ എസ്റ്റേറ്റ് തൊഴിലാളി പേച്ചി അമ്മയ്ക്ക് (37) കടന്നൽ കുത്തേറ്റു. കൊളുന്ത് നുള്ളുന്നതിനിടയിൽ തേയില ചെടിക്കുള്ളിൽ കൂടുകൂട്ടിയിരുന്ന കടന്നൽ കൂട്ടത്തോടെ പേച്ചിയമ്മയുടെ കാലിനും കൈയ്ക്കുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തളർന്ന പേച്ചിയമ്മയെ എസ്റ്റേറ്റ് അധികൃതരുടെ നിർദ്ദേശപ്രകാരം തൊഴിലാളികൾ ആശുപത്രിയിൽ എത്തിച്ചു. എസ്റ്റേറ്റ് തൊഴിലാളികൾക്ക്‌ ജോലിസമയത്ത് കടന്തലിന്റെ ആക്രമണം ഉണ്ടാകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിവിധ എസ്റ്റേറ്റുകളിൽ നിന്നായി പത്തോളം തൊഴിലാളികൾക്കാണ് കടന്നലാക്രമണത്തിൽ പരിക്കേറ്റത്.