തൊടുപുഴ: പ്ലാസ്റ്റിക് പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ വ്യാപാരികളെ പീഡിപ്പിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. കനത്ത മഴ മൂലമുള്ള വ്യാപാര മാന്ദ്യം, ജി.എസ്.ടി യിലെ അപാകത, ബാങ്കുകളുടെ ജപ്തി നടപടികൾ തുടങ്ങിയവ മൂലം. പ്രതിസന്ധി അനുഭവിക്കുന്ന ചെറുകിട കച്ചവടക്കാരെ അശാസ്ത്രീയമായ പരിശോധനയുടെ പേരിൽ ദ്രോഹിക്കുന്നത് അനുവദിക്കാനാവില്ല. വ്യാപാര മാന്ദ്യം മൂലം കച്ചവടം മുന്നോട്ടു കൊണ്ടുപോകാൻ പോലും ഗതിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യാപാരികളുടെ മേൽ ഉദ്യോഗസ്ഥർ ചുമത്തുന്നത് കനത്ത പിഴയാണ് . പ്ലാസ്റ്റിക് നിർമ്മാണം നിരോധിക്കാതെ കൈവശം വയ്ക്കുന്നവർക്ക് എതിരെ കേസെടുക്കുന്നത് അശാസ്ത്രീയവും വിവേചനവുമാണ്. ഹരിത കർമ്മ സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കിയാൽ ഈ വിഷയം പരിക്കാവുന്നതാണ്.പ്രസിഡന്റ് ജിമ്മി മറ്റത്തിപാറ അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ. കെ ഐ.ആന്റണി, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതയേടത്ത്, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, അംബിക ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു