ഇടുക്കി: മൂന്ന് വർഷങ്ങൾക്കിടയിൽ 7458 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റിയ ഇടുക്കിയുടെ സ്വന്തം കളക്ടർ ഷീബ ജോർജ്ജ് ഇന്ന് സ്ഥാനമൊഴിയും. സങ്കീർണ്ണമായ മലയോരപട്ടയ വിഷയങ്ങളെ കരിയറിന്റെ തുടക്കത്തിൽ ഡപ്യൂട്ടി കളക്ടറായി സേവനം അനുഷ്ഠിച്ചതിന്റെ അനുഭവസമ്പത്തിൽ നിയമങ്ങളും ചട്ടങ്ങളും ഉൾക്കൊണ്ട് മലയോരനാടിന്റെ ഹൃദയത്തുടിപ്പറിഞ്ഞ് നടപടികൾക്ക് മാനുഷികമുഖം നൽകാൻ ശ്രമിച്ചിരുന്നു.

. ജില്ലയിലെ അനന്തമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി പി പി പി മോഡലുകളിൽ നടപ്പാക്കിയ മൂന്നാർ അഡ്വഞ്ചർ പാർക്ക്, വാഗമൺ അഡ്വഞ്ചർ പാർക്ക്, പാര ഗ്ലൈഡിങ് പദ്ധതികൾ, കാർഷിക മേഖലയിലെ ഇടപെടലുകൾ, വൻകിട കോർപറേറ്റുകളുടെ സി എസ് ആർ ഫണ്ട് പ്രയോജനപ്പെടുത്തിയുള്ള ' ഇടുക്കി ഒരു മിടുക്കി' പദ്ധതി എന്നിവയും ശ്രദ്ധിക്കപ്പെട്ടു. ഇടമലക്കുടിയിലെ വനാവകാശരേഖ വിതരണം , റോഡ് നിർമ്മാണം, എറണാകുളം ജില്ലയിൽ നിന്നും ഇടമലക്കുടിയുടെ ഒരു ഭാഗം ഇടുക്കിയോട് കൂട്ടിച്ചേർത്ത് കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള ജില്ലയായി മാറിയതും ഈ കാലഘട്ടത്തിലാണ്.


സംസ്ഥാന അതിർത്തിയോട് ചേർന്ന് 125 ൽപരം കൈവശക്കാർക്ക് പട്ടയം ലഭിക്കാത്ത വിഷയം ,അയ്യപ്പൻ കോവിൽ,കാഞ്ചിയാർ,കട്ടപ്പന വില്ലേജുകളിൽ സെറ്റിൽമെന്റ് എന്ന് രേഖപ്പെടുത്തിയത് മൂലം കൈവശക്കാരായ പൊതുവിഭാഗം ഉൾപ്പെടെയുള്ളവർക്ക് പട്ടയം ലഭിക്കാത്തത് എന്നിവയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് . മാങ്കുളം മിച്ചഭൂമി വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിന് വനം, റവന്യൂ സംയുക്ത പരിശോധന നടത്തി സർവ്വേ സ്‌കെച്ച് അന്തിമമാക്കാൻ കഴിഞ്ഞു. 2021 ആഗസ്റ്റിലെ കോടിക്കുളം ചുഴലിക്കാറ്റ്, കൊക്കയാർ, മൂലമറ്റം, അറക്കുളം, കുടയത്തൂർ ശാന്തംപാറ, വട്ടവട ഉൾപ്പെടെ ജില്ലയുടെ വിവിധ മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ദുരന്തങ്ങളിൽ നേരിട്ട് ഇടപെടുന്നതിനും പെട്ടിമുടി ദുരന്ത ബാധി ത മേഖലകളിലെ ദുരിതാശ്വാസ ധനസഹായം വിതരണം കൃത്യമായി നിർവഹിക്കാനും കഴിഞ്ഞു.

ഇത്തരത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ജില്ലയിലെ ഭൂമി പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാരം കാണുകയും നിരവധി അനധികൃത കയ്യേറ്റങ്ങൾ ഒഴിവാക്കുന്നതിനും സർക്കാരിന് ഈ കാലഘട്ടത്തിൽ സാധിച്ചു. ഈ അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽതന്നെയാകണം ഷീബ ജോർജ്ജിനെ റവന്യൂ വകുപ്പിന്റെ അഡീഷണൽ സെക്രട്ടറി സ്ഥാനത്തേക്ക് സർക്കാർ നിയോഗിച്ചിരിക്കുന്നത്.