കട്ടപ്പന:കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി രണ്ട് മാസം മുമ്പ് റോഡ് കുറുകെ വെട്ടിപ്പൊളിച്ചയിടം അപകക്കെണിയാകുന്നു. അടിമാലി -കുമളി ദേശിയ പാതയുടെ ഭാഗമായ കട്ടപ്പന വെള്ളയാംകുടി റോഡിലാണ് അപകടക്കെണി രൂപപ്പെട്ടിരിക്കുന്നത്.പൈപ്പ് ഇട്ടതിന് ശേഷം ആവശ്യത്തിന് കോൺക്രീറ്റ് ഉപയോഗിക്കാതെ കുഴി മൂടി ഉദ്യോഗസ്ഥർ തടിതപ്പി.ദിവസങ്ങൾ കഴിഞ്ഞതോടെ നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ വെട്ടിപ്പൊളിച്ച ഭാഗത്ത് കുഴി രൂപപ്പെട്ടു.
കുഴിയുടെ ആഴം വർദ്ധിക്കുകയും മഴവെള്ളം കെട്ടിക്കിടക്കാനും തുടങ്ങി.
ഇരുചക്ര വാഹന യാത്രികർ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവായി. മാത്രമല്ല കുഴിയുടെ ആഴം അറിയാതെ വാഹനങ്ങൾ കുഴിയിൽ അകപ്പെട്ട് കേടുപാടുകൾ സംഭവിക്കുന്നുമുണ്ട്.
മികച്ച നിലവാരത്തിൽ പണിത റോഡായതിനാൽ വേഗതയിലാണ് വാഹനങ്ങൾ ഇതുവഴി കടന്നു വരുന്നത്. അടുത്തെത്തുമ്പോൾ മാത്രമാണ് റോഡിലെ ഈ അപകടം വ്യക്തമാവുകയുമൊള്ളൂ . ഇത് വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്.. കുഴിയിൽ ചാടാതെ വാഹനങ്ങൾ വെട്ടിച്ചു മാറ്റാൻ ശ്രമം നടത്തുന്നതോടെ എതിർ ദിശയിലോ മറികടന്ന് വരുന്നതോ ആയ വാഹനങ്ങളിൽ ഇടിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നു.കൂടാതെ .തമിഴ്നാട്ടിൽ നിന്നും കട്ടപ്പനയിൽ നിന്നും ചരക്ക് വാഹനങ്ങൾ അടക്കം കടന്നുപോകുന്ന പ്രധാന പാത കൂടിയാണിത് . കൂടാതെ വിനോദസഞ്ചാര കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും ജില്ല ആസ്ഥാനത്തേക്കുള്ള പ്രധാന പാതയും ഇതുതന്നെയാണ് .
ഒരു നടപടിയുമില്ല
സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം കടന്നുപോകുന്ന പാതയുടെ അപകടാവസ്ഥ പരിഹരിക്കാൻ
ഹൈവേ അതോറിറ്റി യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല. വിഷയം ചൂണ്ടിക്കാണിക്കാൻ നഗരസഭയും ഇടപെടുന്നില്ല. റോഡിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കിയ വാട്ടർ അതോറിറ്റിക്കെതിരെയും നടപടിയില്ല. അധികാരികൾ കയ്യൊഴിയുന്നതോടെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് വാഹന യാത്രക്കാരും നാട്ടുകാരും .
=വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്
=റോഡിലെ കുഴിമൂലം രാത്രി സമയങ്ങളിൽ ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു