പീരുമേട്: മഴക്കാലമായതോടെ നാടെങ്ങും വൈറൽ പനികളടക്കമുള്ള രോഗ ഭീതിയിലാവുമ്പോഴും അഴുക്ക് ചാലിലെ മാലിന്യ നിക്ഷേപം മൂലം മലിന ജലം കെട്ടിക്കിടന്ന് രോഗ ഭീതിയിലായിരിക്കുകയാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് പൊൻ നഗർ കോളനിയിലെ 200 ഓളം കുടുംബങ്ങൾ. കോളനിയിൽ നിന്നുമുള്ള അഴുക്കുചാലിൽ പ്ലാസ്റ്റിക്ക് കുപ്പികൾ അടക്കമുള്ള മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയിരിക്കുകയാണ്.കഴിഞ്ഞ രണ്ട് മാസക്കാലമായി ഇവിടെ മലിന ജലം കെട്ടി കിടക്കുന്നതു മൂലം കൊതുകുകൾ പെരുകുകയും ഒപ്പം ദുർഗന്ധത്താൽ മൂക്ക് പൊത്തി കഴിയേണ്ട അവസ്ഥയാണുള്ളതെന്നു മാണ് കോളനി നിവാസികൾ പറയുന്നത്. കൊതുകൾ പെരുകുന്നതു മൂലം ഡെങ്കിപ്പനി അടക്കമുള്ള രോഗവ്യാപനം നിലനിക്കുകയാണ്.
മാലിന്യ നിക്ഷേപകരുടെ ഫോട്ടോ എടുത്തു നൽകി നടപടികൾക്ക് ശേഷം അഴുക്കുചാലിലെ മാലിന്യം നീക്കം ചെയ്യുമ്പോഴേക്കും പ്രദേശത്ത് ഡങ്കിപ്പനി അടക്കം വ്യാപകമാവുമെന്ന ആക്ഷേപമാണ് ഉയരുന്നത്. പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാത്തു നിൽക്കാതെ അഴുക്ക് ചാലിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് കൊച്ചു കുട്ടികൾ അടക്കമുള്ളകോളനി നിവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് ഇവർ മുൻപോട്ട് വയ്ക്കുന്ന ആവശ്യം.