ചിന്നക്കനാൽ: ചിന്നക്കനാൽ ടാങ്ക്കുടി സ്വദേശി കണ്ണൻ കാട്ടാന ആക്രമത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ഫോറസ്റ്റ് ഓഫീസിനു മുൻപിൽ പൊലീസ് തടഞ്ഞു. പൊലീസ് വലയം ഭേദിച്ച പ്രവർത്തകർ ഫോറസ്റ്റ് ഓഫീസിലേക്ക് കടന്നത് സംഘർഷത്തിനിടയാക്കി. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. നിരന്തരം പ്രശ്നകാരികളായ ചക്കക്കൊമ്പൻ ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടത്തെ നാടുകടത്തുക, കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി വിലസുമ്പോഴും സർക്കാർ കാട്ടുന്ന അലംഭാവം അവസാനിപ്പിക്കുക, കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ഉടൻ ധനസഹായം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച് യൂത്ത് കോൺഗ്രസ് കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. കാട്ടാനക്കൂലിയിൽ ആറുമാസത്തിനിടെ ആറു ജീവനുകൾ ജില്ലയിൽ പൊലിഞ്ഞിട്ടും യാതൊന്നും ചെയ്യാതെ സംസ്ഥാന സർക്കാരും വനം വകുപ്പും അലംഭാവംകാട്ടുകയാണ്. വന്യമൃഗങ്ങൾക്ക് സംരക്ഷണം ഒരുക്കുന്ന സർക്കാർ മനുഷ്യജീവന് പുല്ലുവിലയാണ് നൽകുന്നതെന്നും ടോണി തോമസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി. പാണ്ടിരാജ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സോയിമോൻ സണ്ണി മുഖ്യപ്രഭാഷണം നടത്തി. ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ കനകൻ, ഡി.സി.സി മെമ്പർ ചെല്ലപ്പാണ്ടി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മുരുകപാണ്ടി, മണ്ഡലം വൈസ് പ്രസിഡന്റ് പ്രേംകുമാർ ജി, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജോൺ പോൾ എന്നിവർ പ്രസംഗിച്ചു. നേതാക്കളായ അമൽ മനോജ്, ഗിരീഷ് കുമാർ, ജയപ്രകാശ്, ഹരിഹരൻ, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.