അടിമാലി: ആശുപത്രികളിലും വിവിധ അഗതിമന്ദിരങ്ങളിലുമായി ഒരു വർഷത്തേക്ക് ഭക്ഷണം വിതരണം ചെയ്യുന്നപദ്ധതിയുടെ ഉദ്ഘാടനം അടിമാലി താലൂക്ക് ആശുപത്രിയിൽ നടന്നു. ചടങ്ങിൽ വൈസ് മെൻസ് ക്ലബ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ്‌മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ വർഗീസ് പീറ്റർ കാക്കനാട്ട് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി എല്ലാ മൂന്നും നാലും വെള്ളിയാഴ്ചകളിൽ താലൂക്ക് ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അത്താഴഭക്ഷണം ഒരുക്കി നൽകും. 2018 ലാണ് ആശുപത്രിയിലെ ഭക്ഷണ വിതരണം ക്ലബ് ആരംഭിച്ചത്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പിന്നീട് താൽക്കാലികമായി നിർത്തിവച്ചിരുന്നു.കഴിഞ്ഞ 20 വർഷമായി ആശുപത്രിയിൽ ഭക്ഷണവിതരണം നടത്തുന്ന വിൻസെന്റ് ഡി പോൾ സംഘടനയുമായി ചേർന്നാണ് ഇക്കൊല്ലം ആശുപത്രിയിൽ ഭക്ഷണം ഒരുക്കുന്നത്.കൂടാതെ ക്ലബ് അംഗങ്ങളായ കുടുംബങ്ങളിലെ വിശേഷ ദിവസങ്ങളിൽ വിവിധ അനാഥാലയങ്ങളിലും മറ്റും അടിമാലി വൈസ് മെൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിരുന്നൊരുക്കി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.