തൊടുപുഴ: കാലവർഷം കലിതുള്ളി പെയ്തപ്പോൾ ജില്ലയിൽ നശിച്ചത് 1.85 കോടി രൂപയുടെ കൃഷി. ഹൈറേഞ്ചിലും ലോ റേഞ്ചിലുമായി ജൂൺ ഒന്നു മുതൽ ഇതുവരെയുള്ള കണക്കാണിത്. 68.61 ഹെക്‌ടറിലായി 1056 കർഷകരാണ് നഷ്ടം നേരിട്ടത്. ശക്തമായ മഴയിലും ചുഴലിക്കാറ്റിലുമാണ് നാശം. മേയ് 29 മുതലാണ് ജില്ലയിൽ കാലവർഷം ശക്തി പ്രാപിച്ചത്. ജൂലായ് ആദ്യവാരം മഴ കുറഞ്ഞതൊഴിച്ചാൽ കനത്ത മഴ ലഭിച്ചു. ഇടുക്കി ബ്ലോക്കിലായിരുന്നു കൂടുതൽ. 17.22 ഹെക്ടറിൽ 430 കർഷകർക്ക് 77.81 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അടിമാലിയിൽ 6.44 ഹെക്ടറിൽ 270 കർഷകർക്ക് 41.78 ലക്ഷം രൂപയുടെ നഷ്ടം. കുറവ് തൊടുപുഴ ബ്ലോക്കിൽ 1.66 ലക്ഷമായിരുന്നു നഷ്ടം. പീരുമേട് 18.63, ദേവികുളം 16.90, ഇളംദേശം 6.68, കട്ടപ്പന 5.49, നെടുങ്കണ്ടം 3.60 എന്നിങ്ങനെയായിരുന്നു മറ്റ് ബ്ലോക്കുകളിലെ കൃഷിനാശം. വിളകളിൽ ഏലം, വാഴ, റബർ, കുരുമുളക്, ജാതി, കപ്പ എന്നിവയ്ക്കാണ് കൂടുതൽ നാശം. വാഴകൃഷി മാത്രം 10.66 ഹെക്ടർ (18,223 കുലച്ച വാഴകൾ) നശിച്ചു. 311 കർഷകർക്കായി 1.09 കോടി രൂപയാണ് നഷ്ടം. 2.91 ഹെക്ടറിലെ 4855 കുലയ്ക്കാത്ത വാഴകളും നശിച്ചു. 152 കർഷകർക്കായി നഷ്ടം 19.42 ലക്ഷം. 37.24 ഹെക്ടറിലാണ് കപ്പ കൃഷി നശിച്ചത്. 85 കർഷകർക്കായി നഷ്ടം 4.84 ലക്ഷം. 6.32 ഹെക്ടറിൽ 4.42 ലക്ഷം രൂപയുടെ ഏലംകൃഷി നഷ്ടമായി. 173 കർഷകരുടേതാണിത്. 5.21 ഹെക്ടറിലെ 2636 കായ്ച്ച കുരുമുളക് ചെടികൾ മഴയെടുത്തു. 154 കർഷകർക്കായി നഷ്ടം 19.77 ലക്ഷം. 372 കായ്ച്ച ജാതിമരങ്ങളും നശിച്ചു. 59 കർഷകരുടേതാണിത്. നഷ്ടം 13.02 ലക്ഷം. വെട്ടിക്കൊണ്ടിരുന്ന 482 റബർമരങ്ങളും നശിച്ചു. 61 കർഷകർക്കായി നഷ്ടം 9.64 ലക്ഷമാണ്. തെങ്ങ്, കമുക്, കൊക്കോ, പച്ചക്കറി കൃഷികളും നശിച്ചിട്ടുണ്ട്.