road
മലയോര ഹൈവേ നിർമ്മാണം നടക്കുന്ന കട്ടപ്പന ചപ്പാത്ത് റോഡിൽ നരിയംപാറയിൽ നിർമ്മാണ പ്രവർത്തനം ഒഴിച്ചിട്ടിരിക്കുന്ന ഭാഗം .

നരിയംപാറയിൽ യാത്ര ദുഷ്‌കരം

മുൻപുണ്ടായിരുന്ന റോഡ് പൊളിച്ച്നീക്കി

കട്ടപ്പന :മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായ കാഞ്ചിയാർ നരിയംപാറയിൽ നിർമ്മാണ പ്രവർത്തികൾക്ക് കാലതാമസം ഉണ്ടാകുന്നു വെന്ന് പരാതി. രണ്ടാം റീച്ച് നിർമ്മാണത്തിൽ ഉൾപ്പെട്ട ഇവിടെ ഒന്നര കൊല്ലത്തോളമായി റോഡ് നിർമ്മിച്ചിട്ടില്ല. പഴയ റോഡ് പൊളിച്ചിട്ടതോടെ യാത്രക്കാരും പുതിയകാവ് ക്ഷേത്രത്തിലേക്ക് എത്തുന്ന വിശ്വാസികളും ബുദ്ധിമുട്ടിലാകുകയാണ്.

കട്ടപ്പന മുതൽ ചപ്പാത്ത് വരെയുള്ള മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനം തുടങ്ങിയിട്ട് ഒന്നര വർഷത്തോളമായി. നിർമ്മാണ പ്രവർത്തനത്തിന്റെ രണ്ടാം റീച്ചിന്റെ ആദ്യഘട്ടത്തിൽ പൂർത്തിയാക്കേണ്ട ഭാഗത്താണ് അധികൃതരുടെ അനാസ്ഥ. നരിയംപാറ പുതിയകാവ് ദേവീക്ഷേത്രത്തിന്റെ മുൻഭാഗത്തായിട്ടാണ് റോഡ് ശോചനീയാവസ്ഥയിൽ കിടക്കുന്നത്. മുൻപുണ്ടായിരുന്ന റോഡ് പൊളിച്ച് നീക്കിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഹൈവേ നിർമ്മാതാക്കളോട് ഇക്കാര്യത്തിൽ നിരവധി തവണ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് സോളിങ് ഇട്ട് ഉറപ്പിക്കുക മാത്രമാണ് ചെയ്തത് . മഴ ശക്തമായതോടെ ഈ സോളിംഗ് ഇളകി ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്.
പാതയിൽ ഏതാനും മീറ്ററുകൾ മാത്രമാണ് ഇത്തരത്തിൽ ഒഴിച്ചിട്ടിരിക്കുന്നത്. ഒഴിച്ചിട്ടതിന്റെ ഇരുഭാഗങ്ങളിലും ബി.എം.ബി. സി നിലവാരത്തിൽ ടാറിങ് നടത്തിയതിനാൽ വേഗതയിൽ എത്തുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ നിയന്ത്രണം നഷ്ടമായി അപകടത്തിൽപെടാനുള്ള സാദ്ധ്യത നിലനിൽക്കുകയാണ്.

അപകടഭീഷണി

കാണാതെപോകുന്നു

റോഡിന്റെ വശത്ത് ഓടയ്ക്ക് സമാനമായി കുഴിയെടുത്തിട്ടിരിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്ര വാഹന യാത്രക്കാർക്കാരും വലിയ ഭീഷണിയിലാണ് . പലതവണ ഹൈവേ നിർമ്മാണ കരാറുകാരോട് ഇക്കാര്യം പഞ്ചായത്ത് അധികൃതർ അന്വേഷിക്കുമ്പോൾ ഉടൻ നടപടി ഉണ്ടാകുമെന്ന സ്ഥിരം പല്ലവി മാത്രമാണ് മറുപടി. റോഡിന്റെ ഭാഗങ്ങളിൽ ഉറവയുള്ളതിനാൽ പാറ പൊട്ടിച്ച് നീക്കേണ്ടതുണ്ടെന്നും ടാറിങ് ഫലപ്രദം അല്ലെങ്കിൽ ടൈലുകൾ പാകാനാണ് ഉദ്ദേശിക്കുന്നത് എന്നുമാണ് വ്യക്തമാക്കുന്നത്. എന്നാൽ നാളിതുവരെയായിട്ടും കരാറുകാരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതോടെ പ്രതിഷേധവും ശക്തമാവുകയാണ്.