wood

കട്ടപ്പന :ഇടുക്കിക്കവല സർക്കാർ ട്രൈബൽ സ്‌കൂളിന് സമീപത്ത് മരക്കഷണങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് അപകടംവരുത്താൻ ഇടയാക്കുന്നു. കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനൊപ്പം വാഹന യാത്രകൾക്ക് വൻ അപകടകെണിയായിട്ടാണ് മരക്കഷണങ്ങൾ ഇവിടെ കിടക്കുന്നത്.

അടിമാലി -കുമളി ദേശീയപാതയിൽ ഇടുക്കികവലയിൽ നിരവധിയായ വാകമരങ്ങളാണ് മുൻപി അപകട ഭീഷണി ഉയർത്തി നിന്നിരുന്നത് . അപകടാവസ്ഥ കേരളകൗമുദി വാർത്തയാക്കിയിരുന്നു. അതിനേ തുടർന്നാണ് നഗരസഭയുടെ നേതൃത്വത്തിൽ ജൂൺ 11ന് മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റിയത്.
എന്നാൽ മുറിച്ച് മാറ്റിയ മരക്കഷണങ്ങൾ പാതയുടെ വശത്ത് തന്നെ ഉപേക്ഷിച്ചതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. സർക്കാർ സ്‌കൂളും കോളേജുകളും ഉൾപ്പെടെ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് വിദ്യാർത്ഥികൾ കാൽനടയായി ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. അലക്ഷ്യമായി മരക്കഷണങ്ങൾ റോഡിനു സമീപത്ത് കിടക്കുന്നത് കാൽനടയാത്രക്കാർക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നു. അതോടൊപ്പം ദേശീയപാതയുടെ ഭാഗമായ കട്ടപ്പന -ചെറുതോണി റോഡിൽ വലിയ തിരക്കാണ് എല്ലായിപ്പോഴും അനുഭവപ്പെടുന്നത്. മഴക്കാലമാകുന്നതോടെ മരക്കഷണങ്ങൾ പാതയുടെ വശത്ത് കിടക്കുന്നത് കാണാതെ വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാദ്ധ്യതയാണ് നിലനിൽക്കുന്നത്. ഒരു അപകടത്തിന് കാത്തുനിൽക്കാതെ എത്രയും വേഗം റോഡിന് സമീപത്ത് അലക്ഷ്യമായി കിടക്കുന്ന മരക്കഷണങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യമാണ് ശക്തമാകുന്നത് .