ഇടുക്കി: കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ ഇടുക്കിയ്ക്ക് നിരാശ മാത്രം. ഇടുക്കി കാത്തിരുന്ന ശബരി റെയിൽ പദ്ധതിയ്ക്കായി കാര്യമായ പ്രഖ്യാപനങ്ങളൊന്നും ബഡ്ജറ്റിലില്ല. കടുത്ത വരൾച്ചയിൽ കോടികളുടെ നഷ്ടം സംഭവിച്ച ഇടുക്കിയിലെ കാർഷിക മേഖലയ്ക്കായും ഒന്നും വകയിരുത്തിയിട്ടില്ല. ഏലം ഉൾപ്പെടെയുള്ള സുഗന്ധവ്യജ്ഞനങ്ങൾക്ക് കുതിപ്പേകുന്ന ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നതും നിരാശപ്പെടുത്തി. സംസ്ഥാന സർക്കാരുകൾക്ക് അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് വേണ്ടി ഒന്നരലക്ഷം കോടി രൂപ പലിശയില്ലാത്ത വായ്പയായി കേന്ദ്ര സർക്കാർ അനുവദിക്കുമെന്ന പ്രഖ്യാപനം ഗുണകരമാണ്. അത് വഴിയായി ശബരി റെയിവേ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സംസ്ഥാന സർക്കാരിന്റെ വിഹിതം ഈ തുകയിൽ നിന്ന് കണ്ടെത്താൻ സാധിക്കും. ഇതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് മാത്രം.
'കേന്ദ്ര ബഡ്ജറ്റ് തികച്ചും നിരാശജനകമാണ്. കാർഷിക മേഖലയ്ക്കും ഗ്രാമീണ മേഖലയ്ക്കും സമ്പൂർണ്ണമായ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ തുടർന്നുവന്ന പദ്ധതികൾക്ക് പോലും പ്രോത്സാഹനം ലഭിക്കാത്ത സ്ഥിതിയുണ്ട്. കാർഷിക മേഖലയിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് കഴിഞ്ഞ വരൾച്ചയുടെ കാലഘട്ടത്തിലും, പ്രകൃതി ദുരന്തങ്ങളുടെ കാലഘട്ടത്തിലുമൊക്കെ പ്രത്യേകമായി പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും യാഥാർത്ഥ്യമായിട്ടില്ല. സ്‌പൈസസ് ബോർഡിലൂടെയും മറ്റ് കമ്മോഡിറ്റി ബോർഡുകളിലൂടെയും വരൾച്ച ദുരിതാശ്വാസത്തിന് വേണ്ടി കൂടുതൽ തുക അനുവദിക്കണമെന്നും രേഖാമൂലം ആവശ്യപ്പെട്ടതാണ്. അതും ഈ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല."
-ഡീൻ കുര്യാക്കോസ് എം. പി
'ഇന്ത്യയെ ഒന്നായി കണ്ടുകൊണ്ടുള്ള ബഡ്ജറ്റ് അല്ല ധനമന്ത്രി അവതരിപ്പിച്ചത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മാറ്റാൻ പ്രത്യേക പാക്കേജ്, റബറിന് 250 രൂപ താങ്ങുവില, എയിംസ്, ഉയർന്ന ജി.എസ്.ടി വിഹിതം തുടങ്ങി സംസ്ഥാനത്തിന്റെ പുരോഗതിയ്ക്ക് ഉതകുന്ന യാതൊരു പ്രഖ്യാപനവും ബഡ്ജറ്റിൽ ഇല്ലാതെ പോയത് നിരാശാജനകമാണ്. ബീഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പരിഗണന നൽകിയപ്പോൾ കേരളത്തെ അവഗണിച്ചു. ടൂറിസം, റെയിൽവേ വികസനം തുടങ്ങിയ മേഖലകളിലും അവഗണനയാണുണ്ടായത്"
-കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ
'ബഡ്ജറ്റ് കേരളത്തെ പൂർണ്ണമായും അവഗണിച്ചു. ഭരണം നിലനിറുത്താൻ സഖ്യകക്ഷികളുടെ ഭീഷണിക്ക് വഴങ്ങി ആന്ധ്രാ, ബീഹാർ ബഡ്ജറ്റായി മാറി. കേരളത്തിൽ നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാർ കേരളത്തെ അവഗണിച്ച കേന്ദ്രബഡ്ജറ്റിനെ സംബന്ധിച്ച് അഭിപ്രായം പറയണം."
-എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ
'ബഡ്ജറ്റ് ആന്ധ്രാ ബീഹാർ പാക്കേജും കേരളം പോലുള്ള സംസ്ഥാനങ്ങളെ വകവരുത്തുകയെന്ന ഗൂഢലക്ഷ്യത്തോടെയുള്ളതുമാണ്. കേരളത്തെ ഇതുപോലെ അവഗണിച്ച ഒരു ബഡ്ജറ്റ് ഉണ്ടായിട്ടില്ല. കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളെയും കേന്ദ്രം പരിഗണിച്ചതുപോലുമില്ല. ഉന്നയിച്ച ആവശ്യങ്ങൾ ഒന്നുപോലും അംഗീകരിക്കാതെ കേരളത്തെ വെല്ലുവിളിക്കുകയാണ് ചെയ്തിട്ടുള്ളത്. കേന്ദ്രം കാണിച്ചത് കടുത്ത വിവേചമാണ്. എല്ലാ അർത്ഥത്തിലും നിരാശാജനകമായ ബഡ്ജറ്റാണിത്. കൂട്ടുകക്ഷികളെ തൃപ്തിപ്പെടുത്തുന്നതിനും സ്വകാര്യവത്കരണത്തിനുമാണ് ഊന്നൽ."
-സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ശിവരാമൻ