തൊടുപുഴ: തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കിയ പ്രവൃത്തികളിൽ സാമ്പത്തിക ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുന്ന ഇടവെട്ടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് ധർണ നടത്തി. പഞ്ചായത്ത് ഓഫീസിന് മുന്നിൽ സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. 2021- 22 സാമ്പത്തികവർഷത്തിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ 14.5 ലക്ഷം രൂപ ഉത്തരവാദികളായ നിർവഹണ ഉദ്യാഗസ്ഥരിൽനിന്ന് ഈടാക്കുക, കല്ലാനിക്കൽ ജംഗ്ഷനിൽ സ്ഥാപിച്ച പാർക്കിന്റെ പേരിൽ ചെലവഴിച്ച അഞ്ചുലക്ഷം രൂപ തിരിച്ചുപിടിക്കുക, കരാറുകാരിൽ നിന്ന് കമ്മിഷൻ കൈപ്പറ്റി ദ്രോഹിക്കുന്നത് നിറുത്തുക, നാലു മാസമായി മുടങ്ങിക്കിടക്കുന്ന തൊഴിലുറപ്പ് പദ്ധതി പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സി.പി.ഐ ഇടവെട്ടി ലോക്കൽ സെക്രട്ടറി വി.ഇ. അൻഷാദ് അദ്ധ്യക്ഷനായി. എൽ.ഡി.എഫ് ഇടവെട്ടി പഞ്ചായത്ത് കൺവീനർ ടി.എം. മുജീബ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. അജിനാസ്, നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, സണ്ണി കടത്തലക്കുന്നേൽ, തോമസ് വർക്കി, ടി.ബി. സുബൈർ, ടി.എം. ലത്തീഫ്, എം.ബി. ഷാജി എന്നിവർ സംസാരിച്ചു.