തൊടുപുഴ: അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും എതിർത്തപ്പോൾ വെട്ടി പരിക്കേൽപ്പിയ്ക്കുകയും ചെയ്ത പ്രതിയ്ക്ക് വിവിധ വകുപ്പുകളിലായി ഏഴു വർഷം കഠിനതടവും 30,000 രൂപ പിഴയും. അടിമാലി ഇരുമ്പുപാലം സ്വദേശി കൃഷ്ണൻ എന്നുവിളിയ്ക്കുന്ന പ്രതീഷിനെയാണ് (29) തൊടുപുഴ സെഷൻസ് കോടതി ജഡ്ജി പി.എസ്. ശശികുമാർ ശിക്ഷിച്ചത്. 2015 ജൂലായ് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ കടന്നുപിടിയ്ക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിയ്ക്കവെ കൈയിൽ കരുതിയിരുന്ന കത്തി സ്ത്രീയുടെ കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പീഡിപ്പിയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ സ്ത്രീ ഉറക്കെ ബഹളം വച്ചപ്പോൾ അടുത്ത മുറിയിൽ ഉറങ്ങി കിടന്നിരുന്ന മകൾ എഴുന്നേറ്റ് വന്നതോടെ വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച് പ്രതി കടന്നു കളയുകയായിരുന്നു. തുടർന്ന് സംഭവം അറിഞ്ഞെത്തിയ അയൽവാസികളാണ് പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചത്. അടിമാലി പൊലീസ് പിന്നീട് പ്രതിയെ അറസ്റ്റു ചെയ്തു. തൊടുപുഴ സെഷൻസ് കോടതിയിൽ നടന്ന വിചാരണയിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 15 സാക്ഷികളെ വിസ്തരിയ്ക്കുകയും 19 പ്രമാണങ്ങളും നാലു തൊണ്ടിമുതലുകളും തെളിവിനായി ഹാജരാക്കുകയും ചെയ്തു. പ്രതിയ്‌ക്കെതിരെ പട്ടിക ജാതി, പട്ടിക വർഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമ പ്രകാരവും കേസെടുത്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്. സനീഷ്, പി.എസ്. രാജേഷ് എന്നിവർ ഹാജരായി.