തൊടുപുഴ: ജില്ലയുടെ ലീഡ് ബാങ്കായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) നേതൃത്വത്തിൽ ഇന്ന് രാവിലെ 11.30 മുതൽ മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി പാരിഷ് ഹാളിൽ വിവിധ ബാങ്കുകളുടെ വായ്പാമേളയും ജനസമ്പർക്ക പരിപാടിയും സംഘടിപ്പിക്കുമെന്ന് ബാങ്ക് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടി എസ്.ബി.ഐ കേരള സർക്കിൾ മേധാവിയും ചീഫ് ജനറൽ മാനേജരുമായ എ. ഭുവനേശ്വരി ഉദ്ഘാടനം ചെയ്യും. മേളയിൽ ജില്ലയിലെ വിവിധ ബാങ്കുകളുടെയും സർക്കാർ വകുപ്പുകളുടെയും സ്വയംസഹായ സംഘങ്ങളുടെയും ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാവും. പുതിയ വായ്പകളെക്കുറിച്ചുള്ള വിവരണവും ബോധവത്കരണവും വായ്പ സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടിയും മേളയുടെ ഭാഗമായി നടക്കും. വിവിധ ബാങ്കുകൾ ഉപഭോക്താക്കൾക്കായി മേളയിൽ സ്റ്റാളുകളും ഒരുക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷം മുതലാണ് എസ്.ബി.ഐ.യെ ജില്ലയുടെ ലീഡ് ബാങ്കായി റിസർവ് ബാങ്ക് തിരഞ്ഞെടുത്തത്. കൂടുതൽ സാമ്പത്തിക സേവനങ്ങളിൽ ജില്ലയിലെ കർഷകരിലേക്കും സംരംഭകരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ ജില്ലാ ലീഡ് ബാങ്ക് മാനേജർ റെജിരാജ്, എസ്.ബി.ഐ തൊടുപുഴ റീജിയണൽ മാനേജർ നെഫിൻ ക്രിസ്റ്റഫർ, ബാങ്ക് എച്ച്.ആർ മാനേജർ കെ. അഖിൽ എന്നിവർ പങ്കെടുത്തു.

ലീഡ് ബാങ്ക് ഓഫീസ്

ഉദ്ഘാടനം നാളെ

ജില്ലയുടെ പുതിയ ലീഡ് ബാങ്ക് ഓഫീസിന്റെ ഉദ്ഘാടനം നാളെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ)​ കേരള സർക്കിൾ മേധാവിയും ചീഫ് ജനറൽ മാനേജരുമായ എ. ഭുവനേശ്വരി ഉദ്ഘാടനം ചെയ്യും. തൊടുപുഴ മങ്ങാട്ടുകവലയിലുള്ള റീജിയണൽ ബിസിനസ് ഓഫീസ് കെട്ടിടത്തിലാണ് പുതിയ ലീഡ് ബാങ്ക് ഓഫീസ്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ജില്ലയുടെ ലീഡ് ബാങ്ക് ചുമതല ഈ സാമ്പത്തിക വർഷം മുതൽ എസ്.ബി.ഐ ഏറ്റെടുത്തിരുന്നു. എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ റെജി രാജ് ലീഡ് ബാങ്ക് മാനേജരായി ചുമതലയേൽക്കും.