തൊടുപുഴ: പത്രാധിപർ, എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ്, ആർ.എസ്.എസ് പ്രചാരകൻ തുടങ്ങിയ മേഖലകളിലൂടെ പ്രശസ്തനായ പി. നാരായണന്റെ നവതി ആഘോഷങ്ങൾക്ക് വിവിധ സംഘപരിവാർ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇന്ന് തൊടുപുഴയിൽ തുടക്കമാകും. വൈകിട്ട് അഞ്ചിന് ഇടയ്ക്കാട്ടുകയറ്റം ജോഷ് പവലിയനിൽ 'സംഘപഥത്തിലെ നാരായണം' എന്ന പേരിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിൽ ആർ.എസ്.എസ് മുൻ സഹ സർകാര്യവാഹ് വി. ഭാഗയ്യാ മുഖ്യപ്രഭാഷണം നടത്തും. പ്രസ് അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ് അദ്ധ്യക്ഷത വഹിക്കും. മുൻ ഡി.ജി.പി. ജേക്കബ് തോമസ്, രാഷ്ട്രീയ നീരീക്ഷകൻ അഡ്വ. എ. ജയശങ്കർ, മുതിർന്ന സംഘ പ്രചാരകൻ എസ്. സേതുമാധവൻ, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, ബി.ജെ.പി. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. രാമൻ പിള്ള എന്നിവർ സംസാരിക്കും. പി. നാരായണൻ മറുപടി പ്രസംഗം നടത്തും. തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് സ്വാഗതവും നവതി ആഘോഷ സമിതി സംയോജകൻ എ. സന്തോഷ് ബാബു നന്ദിയും പറയും.