തൊടുപുഴ: രാജ്യത്ത് ആദ്യമായി ഇടുക്കി ജില്ലയിൽ തുടക്കംകുറിച്ച കോടതി ജനങ്ങളിലേക്കെത്തുന്ന പദ്ധതിയായ മൊബൈൽ ഇ- സേവാ കേന്ദ്ര തൊടുപുഴയിലെത്തി. ഇന്നലെ തൊടുപുഴ സിവിൽ സ്റ്റേഷനിലാണ് ഇ- സേവാ കേന്ദ്രയുടെ വാഹനമെത്തിയത്. വിവിധ കോടതികളുടെ ഒന്നിലധികം ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച മൾട്ടി പർപ്പസ് വാഹനമാണ് മൊബൈൽ ഇ- സേവാ കേന്ദ്ര. കോടതിയിൽ നിന്നുള്ള നിയമസേവനങ്ങളും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമെല്ലാം രണ്ട് ക്യാബിനുകളോട് കൂടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ബസിലൂടെ ജനങ്ങളിലേക്കെത്തും. സുപ്രീം കോടതി നിർദ്ദേശ പ്രകാരം മൊബൈൽ ഇ- സേവാ കേന്ദ്രയെന്ന പേരിൽ രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഇതിലൂടെ നിരവധി സേവനങ്ങളാണ് ആവശ്യക്കാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നത്. കോടതിയിൽ നേരിട്ടെത്തി മൊഴി നൽകാനും മറ്റും ബുദ്ധിമുട്ടുള്ള വൃദ്ധരോ രോഗികളോ ആയവർക്ക് ഇ- സേവാ കേന്ദ്രയുടെ സഹായത്തോടെ വീഡിയോ കോൺഫ്രൻസ് മുഖേന മൊഴി നൽകാം. പരസ്യമായി കോടതിയിലെത്താൻ ബുദ്ധിമുട്ടുള്ള പോക്സോ കേസിലടക്കം ഇരകളായവർക്കും ഇ- സേവാ കേന്ദ്ര ഉപയോഗിക്കാം. അഭിഭാഷകർക്കും കക്ഷികൾക്കും സാക്ഷികൾക്കുമെല്ലാം ഇനി സ്വന്തം നാട്ടിൽ ഇ- സേവാ കേന്ദ്രത്തിന്റെ സേവനം ലഭ്യമാകും. ഇന്നലെ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെത്തിയ ഇ- സേവാ കേന്ദ്രയുടെ കറുത്ത ബസ് കൗതുകത്തോടെയാണ് ഏവരും ഉറ്റുനോക്കിയത്.

മൾട്ടി പർപ്പസ് ബസിലെന്തെല്ലാം

വിവിധ കോടതികളുടെ ഒന്നിലധികം ആവശ്യങ്ങൾ നിർവേറ്റുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച മൾട്ടി പർപ്പസ് ബസാണ് മൊബൈൽ ഇ- സേവാ കേന്ദ്രം. ഈ വാഹനത്തിന് രണ്ട് ക്യാബിനുകളാണുള്ളത്. അതിലൊന്ന് ഇ- സേവാ കേന്ദ്രത്തിൽ നിയോഗിക്കപ്പെട്ട മജിസ്‌ട്രേട്ടിനും ഇതുമായി ബന്ധപ്പെട്ട കോടതി ജീവനക്കാർക്കുമുള്ളതാണ്. രണ്ടാമത്ത 100 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ക്യാബിനാണ് കോടതി മുറി. പൂർണ്ണമായും ശീതീകരണ സംവീധാനങ്ങളുള്ള ഈ മുറിയിൽ അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി, യു.പി.എസ്, ജനറേറ്റർ എന്നിവയുൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ലഭിക്കുന്ന സേവനങ്ങൾ

സാക്ഷി മൊഴി രേഖപ്പെടുത്തൽ, പെറ്റി കേസുകൾ തീർപ്പാക്കൽ, ഹേബിയസ് കോർപ്പസിന്റെ പ്രവർത്തനങ്ങൾ, കേസുകളുടെ ഇ- ഫയലിങ്, ഇ- പേയ്‌മെന്റ് സൗകര്യം, വെർച്വൽ കോടതികളിലെ ട്രാഫിക് ചല്ലാൻ തീർപ്പാക്കൽ, വീഡിയോ കോൺഫറൻസിംഗ്, മൊബൈൽ കോടതിയായി പ്രവർത്തിക്കൽ, ലീഗൽ സർവീസസ് അതോറിട്ടിയുടെ പ്രവർത്തനങ്ങൾ,

ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ, ക്യാമ്പ് സിറ്റിംഗ് തുടങ്ങി നിരവധി സേവനങ്ങൾ സഞ്ചരിക്കുന്ന ഇ- സേവാ കേന്ദ്രത്തിൽ നിന്ന് ലഭിക്കും.