കട്ടപ്പന : കട്ടപ്പന -വെള്ളയാംകുടി റോഡിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. സ്വകാര്യ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. മുന്നിലെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിർദിശയിൽ മറ്റൊരു വാഹനം വരുകയും അടിയന്തരമായി ബ്രേക്ക് ചെയ്യുകയും ചെയ്തതാണ് അപകടകാരണം. വേഗത്തിൽ ബ്രേക്ക് പിടിച്ചതോടെ റോഡിൽ നിയന്ത്രണം വിട്ട് ഇരുചക്രവാഹനം മറിയുകയായിരുന്നു. അപകടത്തിൽ സ്വരാജ് സ്വദേശിക്കും ചക്കുവള്ളം സ്വദേശിനിക്കും പരിക്കുകൾ പറ്റി. ഇതിൽ വാഹനത്തിന്റെ പിന്നിലിരുന്ന ചക്കുപള്ളം സ്വദേശിനിയുടെ തലക്ക് കാര്യമായ പരിക്കുകളുണ്ട്. ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന വെള്ളയാംകുടി റോഡിൽ ഇപ്പോൾ അപകടങ്ങൾ തുടർക്കഥയാവുകയാണ്. അമിതവേഗവും, അശ്രദ്ധമായ ഡ്രൈവിങ്ങും റോഡിൽ ചരൽ അടിയുന്നതും വെള്ളക്കെട്ടുമാണ് പലപ്പോഴും അപകട കാരണമാകുന്നത്.