കുമളി: പഠിച്ച സ്‌കൂളിൽ അദ്ധ്യാപകനായി ജോലി ലഭിക്കുന്നത് അപൂർവ്വമല്ല. എന്നാൽ പഠിച്ചിറങ്ങിയ സ്‌കൂളിൽ തന്നെ അധ്ദ്ധ്യാപകനായും, ഹെഡ്മാസ്റ്ററായും തുടർന്ന് പ്രിൻസിപ്പാൾ പദവിയിലും എത്തിയ അപൂർവ്വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് പുറ്റടി നെഹ്രു സ്മാരക പഞ്ചായത്ത് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ കെ എൻ ശശി. ഇരുപത്തിയേഴ് വർഷത്തെ അദ്ധ്യാപന ജീവിതത്തിന് ശേഷമാണ് പ്രിൻസിപ്പാളിന്റെ ഔദ്യോഗിക ചുമതല ഇദ്ദേഹത്തെ തേടിയെത്തുന്നത്.
നെറ്റിത്തൊഴു സ്വദേശി കായാപ്ലാക്കൽ കെ എൻ ശശി എന്ന വിദ്യാർത്ഥി 1987 ലാണ് പുറ്റടി നെഹ്രു സ്മാരക പഞ്ചായത്ത് ഹൈസ്‌കൂളിൽ നിന്നും പത്താം ക്ലാസ് വിജയിച്ചത്. തുടർന്ന് ബിരുദവും ബി.എഡും അടക്കമുള്ള ഉപരിപഠനങ്ങൾക്ക് ശേഷം 1997ൽ ഇവിടെ അദ്ധ്യാപകനായി ജോലി ലഭിച്ചു. 2018 സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ എന്ന പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടി. ഹെഡ്മാസ്റ്റർ എന്ന നിലയിൽ സ്‌കൂളിലെ സൗകര്യങ്ങളുടെ പരിമിതികളെ അതിജീവിച്ച് മികച്ച എസ്.എസ്.എൽസി വിജയം ഉൾപ്പെടെയുള്ള നേട്ടങ്ങൾ കൈവരിച്ച് മുന്നേറുന്നതിനിടയിലാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ ഇതേ സ്‌കൂളിൽ തന്നെ പ്രിൻസിപ്പാൾ ആയി സ്ഥാനക്കയറ്റം ലഭിച്ചത്.
സഹ അദ്ധ്യാപകരുടെ സാന്നിധ്യത്തിൽ ഇദ്ദേഹം ഔദ്യോഗിക ചുമതല ഏറ്റെടുത്തു. വിദ്യാർഥികൾക്ക് അനുകരണീയമായ മാതൃകയാണ് കെ. എൻ ശശി എന്ന അദ്ധ്യാപകൻ എന്ന് സഹപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.എസ്.എൻ.ഡി.പി യോഗംകൊച്ചറ ശാഖാ യോഗം പ്രസിഡണ്ട് കൂടിയാാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ശശി സാർ.