കട്ടപ്പനയുടെ തലയെടുപ്പാക്കേണ്ടിയിരുന്ന ബസ് സ്റ്റാൻഡ് അവഗണനയിൽ
.
കട്ടപ്പന :അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും കെട്ടിട സമുച്ചയത്തിന്റെ കേടുപാടുകളിലും ഏറെ ശോച്യാവസ്ഥയിലാണ് കട്ടപ്പന പുതിയ ബസ് സ്റ്റാന്റിന്റെ പ്രവർത്തനം നീങ്ങുന്നത് . ബസ്റ്റാൻഡ് നവീകരണത്തിനായി പല വാഗ്ദാനങ്ങൾ ഉണ്ടായെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ലെന്ന്മാത്രം.2011 മുതലാണ് കട്ടപ്പനയിൽ പുതിയ ബസ്റ്റാൻഡ് പ്രവർത്തനമാരംഭിച്ചത്. നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ നിരവധി വിവാദങ്ങൾക്ക് ബസ്റ്റാൻഡ് കാരണമായിട്ടുണ്ട്. അതിൽനിന്നെല്ലാം അതിജീവിച്ച് മാതൃകാപരമായ പ്രവർത്തനം കൊണ്ടും സൗകര്യങ്ങൾ കൊണ്ടും കട്ടപ്പന പുതിയ ബസ്റ്റാൻഡ് പൊതുജനങ്ങൾക്ക് സ്വീകാര്യമായിരുന്നു. അതോടൊപ്പം മികവാർന്ന രീതിയിലെ ബസ്റ്റാൻഡ് മന്ദിര കെട്ടിടവും ജനങ്ങളുടെ ആകർഷണം പിടിച്ചു പറ്റി. എന്നാൽ കാലക്രമേണ ബസ്റ്റാന്റിനോട് അധികൃതരുടെ അവഗണന ആരംഭിച്ചു.നിലവിൽ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് വലിയ ശോച്യാവസ്ഥയേയാണ് അഭിമുഖീകരിക്കുന്നത്.
ബസ്റ്റാൻഡ് മന്ദിരത്തിന്റെ ഭിത്തികളിൽ പലയിടങ്ങളിലും വലിയ വിള്ളലുകൾ ഉണ്ട്. അതുകൊണ്ടുതന്നെ കെട്ടിടത്തിന്റെ ബലം സംശയിക്കപ്പെടുകയാണ്. പല സ്ഥലങ്ങളിലും മേൽക്കൂര ചോർന്നൊലിക്കുന്നു. അതോടൊപ്പം നിലത്തുപാകിയിരിക്കുന്ന ടൈലുകൾ പലതും ഇളകിയും പൊട്ടിയും പൊയി . ടൈലുകളിലേക്ക് മഴവെള്ളം അടിച്ചു കയറുന്നതോടെ ചെളിഅടിഞ്ഞു കൂടുകയും ബസ് സ്റ്റാൻഡിനുള്ളിൽ കയറുന്നവർ തെന്നി വീഴുന്നതിന് കാരണമാവുകയുമാണ്. കെട്ടിടത്തിനുള്ളിൽ യാത്രക്കാർക്ക് ഇരിക്കാനുള്ള സീറ്റുകൾ പലതും തുരുമ്പെടുത്ത് നശിച്ചിരിക്കുന്നു. അവശേഷിച്ച സീറ്റുകളിൽ പക്ഷികൾ കാഷ്ഠിക്കുന്നതിനാൽ ഉപയോഗപ്രദമല്ല. മറ്റ്പ്രദേശങ്ങളിൽ ബസ്റ്റാന്റുകൾ ഹൈടെക്കായി മാറുമ്പോൾ ഇവിടെ വളർച്ച താഴേയ്ക്കാണ്.
പ്രാവുണ്ട് തലയ്ക്ക്മീതെ
കെട്ടിടത്തിനുള്ളിൽ കൂടുകൂട്ടിയിരിക്കുന്ന പ്രാവുകൾ യാത്രക്കാരുടെ ദേഹത്തേക്ക് കാഷ്ഠിക്കുന്നതും പതിവാണ്. ഇതിൽ യാത്രക്കാർ മാത്രമല്ല ബസ്റ്റാന്റിനുള്ളിലെ കച്ചവട സ്ഥാപനങ്ങളിലെ ആളുകൾക്കും ബുദ്ധിമുട്ട് ആകുന്നു. പക്ഷികളുടെ ശല്യത്തിനെതിരെ നിരന്തര പരാതി ഉയർന്നതോടെ ഒരു നെറ്റ് വലിച്ചു കെട്ടുക മാത്രമാണ് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ നടപടി.
=അന്യസംസ്ഥാന തൊഴിലാളികൾ ബസ് സ്റ്റാൻഡ് മന്ദിരം കേന്ദ്രീകരിച്ച് നടത്തുന്ന അനാശാസ്യ പ്രവർത്തനങ്ങളും ലഹരിക്കച്ചവടത്തിനെതിരെയും ശാശ്വതമായ നടപടികൾ സ്വീകരിക്കാനും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
=കട്ടപ്പന പഞ്ചായത്തിൽ നിന്ന് നഗരസഭ എന്ന പദവി അലങ്കരിച്ചപ്പോൾ ബസ് സ്റ്റാൻഡിനും അതിന്റെതായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പൊതുജനം പ്രതീക്ഷിച്ചു. എന്നാൽ നാൾക്കുനാൾ അവഗണനയല്ലാതെ മറ്റൊന്നുമുണ്ടായില്ല.