ഇടുക്കി: പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മീഷൻ മറയൂർ പൊതുശ്മശാനവുമായി ബന്ധപ്പെട്ട് മറയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശങ്ങൾ മൂന്ന് മാസത്തിനകം നടപ്പിലാക്കിയ ശേഷം സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. മറയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. പട്ടികജാതി പട്ടികവർഗ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കാത്തത് ആശ്ചര്യകരവും നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. രണ്ട് നിർദ്ദേശങ്ങളാണ് പട്ടികജാതി പട്ടികവർഗ കമ്മിഷൻ മറയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയത്. 2023 ഡിസംബർ അഞ്ചിന് കമ്മിഷൻ സ്ഥലം സന്ദർശിച്ചിരുന്നു. പഞ്ചായത്ത് പൊതു ശ്മശാനത്തിന് വാങ്ങിയ ഭൂമിയിൽ പ്രവർത്തിക്കുന്ന മാലിന്യപ്ലാന്റ് മൂന്ന് മാസത്തിനകം മാറ്റി സ്ഥാപിക്കണം. ഇതിന് ആവശ്യമായ ഭൂമി പഞ്ചായത്ത് കണ്ടെത്തണം. പൊതുശ്മശാനത്തിന്റെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് എന്ന ബോർഡ് മാറ്റി പൊതുശ്മശാനം എന്ന ബോർഡ് സ്ഥാപിക്കണം. പൊതുശ്മശാനത്തിനായി വാങ്ങിയ സ്ഥലം പൂർണമായി അളന്ന് തിരിച്ച് ബാക്കിയുള്ള 23 സെന്റ് സ്ഥലത്തിന്റെ അതിർത്തി രേഖപ്പെടുത്തണമെന്ന് ദേവികുളം താലൂക്ക് സർവേയർക്കും കമ്മിഷൻ നിർദ്ദേശം നൽകിയിരുന്നു. പൊതുശ്മശാനത്തിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ബാബുനഗർ സ്വദേശി എസ്. മോഹൻ രാജ് സമർപ്പിച്ച പരാതിയിലാണ് നടപടി. പൊതുശ്മശാനത്തിന് സമീപമുള്ള മാലിന്യ സംസ്‌കരണ യൂണിറ്റ് മാറ്റി സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം പഞ്ചായത്ത് പരിധിയിൽ ലഭ്യമല്ലെന്ന് മറയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്‌കരണം നടക്കുന്നതായുള്ള പഞ്ചായത്തിന്റെ വാദം പരാതിക്കാരൻ തള്ളി. നഗരസഭയുടെ മാലിന്യ സംസ്‌കരണ യൂണിറ്റ് കാരണം പകർച്ചവ്യാധി ഭീഷണിയുണ്ടെന്നും പരാതിക്കാരൻ അറിയിച്ചു.