മുട്ടം: മലങ്കര ടൂറിസം ഹബ്ബിൽ ടൂറിസം വികസന സംരംഭങ്ങൾ ആരംഭിക്കാൻ സ്വകാര്യ വ്യക്തികൾ, സഹകരണ സ്ഥാപനങ്ങൾ, സർക്കാരിന്റെ വിവിധ ഏജൻസികൾ എന്നിവർക്ക് അനുമതി നൽകുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നിയമപരമായി സാങ്കേതിക തടസങ്ങൾ ഇല്ലെങ്കിൽ സംരംഭങ്ങൾ പ്രവർത്തിപ്പിക്കാൻ അപേക്ഷകൾ ക്ഷണിക്കുന്ന കാര്യവും പരിഗണിക്കും. മലങ്കര ടൂറിസം ഹബ്ബിന്റെ വികസന സാധ്യതകൾ, മലങ്കര ടൂറിസം ഫെസ്റ്റ് എന്നിങ്ങനെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ആഗസ്റ്റ് മാസത്തിൽ ബന്ധപ്പെട്ടവരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ ഉന്നയിച്ച് സെന്റർ ഫോർ റീജിയണൽ സ്റ്റഡിയുടേയും മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റിയുടേയും കോർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ 102 കോടി ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ മലങ്കര ഹബ്ബിലേക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചെങ്കിലും അതെല്ലാം വെറും പ്രഖ്യാപനങ്ങൾ മാത്രമായി അവശേഷിച്ചു. ഈ സാഹചര്യത്തിലാണ് മലങ്കര ഹബ്ബിൽ സംരംഭങ്ങൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നുള്ള ആവശ്യവുമായി കോർഡിനേഷൻ സമിതി മന്ത്രിയെ സമീപിച്ചത്. സംരംഭങ്ങൾക്ക് അനുമതി നൽകിയാൽ സർക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാതെ ഇവിടേക്ക് വികസന പ്രവർത്തനങ്ങൾ എത്തിക്കാൻ കഴിയും. കൂടാതെ,​ പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങളും ലഭ്യമാകും. ശങ്കരപ്പള്ളി മംഗളവനം, ശങ്കരപ്പള്ളി പാലത്തിന്റെ ചുറ്റ് പ്രദേശം, പൂതക്കുഴി വെള്ളച്ചാട്ടം, അരുവിക്കുത്ത് വെള്ളച്ചാട്ടം, കണ്ണാടിപ്പാറ കരിക്കനാംപാറ കന്യാമല പെരുങ്കുന്ന് പച്ചിലാംകുന്ന് വ്യൂപോയിന്റുകൾ, ആലുങ്കപ്പാറ, മാത്തപ്പാറ എന്നിങ്ങനെ മുട്ടം പഞ്ചായത്ത് പ്രദേശത്ത് നിരവധി ടൂറിസം സാധ്യതകളാണുള്ളത്. ഇത്തരം സാധ്യതകളുടെ വികസനം സംബന്ധിച്ച് സെമിനാറും ഇവിടങ്ങളിലേക്ക് പഠന യാത്രകളും സംഘടിപ്പിക്കുമെന്ന് കോർഡിനേഷൻ സമിതിയംഗങ്ങൾ പറഞ്ഞു.