thomas
പ്രതിഷേധവുമായി പുത്തൻപുരയ്ക്കൽ തോമസ് കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ചികിത്സാ ധനസഹായ അഭ്യർത്ഥന നടത്തുന്നു

കട്ടപ്പന: പെൻഷൻ മുടങ്ങിയതോടെ ചികിത്സാ ചിലവിനായി ധനസഹായ അഭ്യർത്ഥനയുമായി വ്യാപാര സ്ഥാപനങ്ങൾ കയറിയിറങ്ങുകയാണ് അയ്യപ്പൻകോവിൽ സ്വദേശി പി.പി. തോമസ്. ഏഴുവർഷം മുമ്പ് വീണതിനെ തുടർന്ന് നട്ടെല്ലിന് സംഭവിച്ച ക്ഷതമാണ് തോമസിന്റെ ജീവിതം വഴിമുട്ടിച്ചത്. അന്നുമുതൽ ജോലിക്ക് പോകാൻ സാധിക്കാതെ വന്നു. പിന്നീട് ചികിത്സ ചെലവിനായി ആകെയുണ്ടായിരുന്ന ആശ്രയം കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷനായിരുന്നു. മുമ്പ് മുടക്കം ഇല്ലാതെ ലഭിച്ചിരുന്ന പെൻഷൻ 13 മാസമായി മുടങ്ങിയിട്ട്. വിഷയത്തിൽ നിരവധി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സർക്കാരിനെതിരെ പ്രതിഷേധം എന്നോണം വ്യാപാരസ്ഥാപനങ്ങളിൽ 67 കാരനായ തോമസ് ഇപ്പോൾ ചികിത്സ ധനസഹായം അഭ്യർത്ഥിച്ച് കയറി ഇറങ്ങുന്നത്. 800 രൂപയുടെ മരുന്നാണ് തോമസിന് ഒരാഴ്ചയിൽ വേണ്ടത്. മാസം ലഭിച്ചിരുന്ന 1600 രൂപ പെൻഷൻ ദൈനംദിന ജീവിതത്തിന് വലിയ ആശ്വാസമായിരുന്നു. എന്നാൽ പെൻഷൻ മുടങ്ങിയതോടെ വലിയ പ്രതിസന്ധിയിലാണ് ഈ വൃദ്ധൻ. ഈ സാഹചര്യത്തിലാണ് തന്റെ പ്രതിസന്ധി വെളിപ്പെടുത്തി ഓരോ വ്യാപാര സ്ഥാപനങ്ങളിലും ധനസഹായം അഭ്യർത്ഥിക്കുന്നത്. സർക്കാരിനും നീതി നടപ്പിലാക്കാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കുമെതിരെയുള്ള പ്രതിഷേധമാണെങ്കിലും ഇങ്ങനെ ലഭിക്കുന്ന തുകയാണിപ്പോൾ ചികിത്സയ്ക്കായി ഉപകരിക്കുന്നത്. പെൻഷൻ നൽകാൻ സർക്കാർ തയ്യാറാകുന്നവരെ ധനസഹായം അഭ്യർത്ഥിച്ചുകൊണ്ട് തെരുവിൽ ഇറങ്ങും എന്നാണ് തോമസ് പറയുന്നത്.