ഇടുക്കി: നിറുത്തലാക്കിയ ലാൻഡ് ട്രിബ്യൂണലുകളിൽ നിന്നു കൈമാറി കിട്ടിയ കേസുകളും പുതിയ അപേക്ഷകളും താലൂക്ക് ഓഫീസുകളിൽ കെട്ടിക്കിടക്കുന്നു. ഭൂമിയുടെ ഉടമസ്ഥവകാശം, കൈമാറി കിട്ടിയ പട്ടയം, തുടങ്ങി വസ്തു അവകാശ അധികാരം സംബന്ധിച്ച ആയിരക്കണക്കിന് കേസുകളാണ്
ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്നത്. കേസുകൾക്ക് പരിഹാരമുണ്ടായാൽ ബന്ധപ്പെട്ട കർഷകർക്ക് പട്ടയം കിട്ടുകയും ഭൂനികുതിയിലൂടെ സർക്കാരിന് വരുമാനം ഉണ്ടാകുകയും ചെയ്യും. ട്രൈബ്യൂണലിലെ കേസുകൾ വലിയ ജോലിഭാരമുള്ള താലൂക്ക് ഓഫീസിലേക്ക് മാറ്റിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. തർക്കങ്ങളും പരാതികളും പരിഗണിക്കേണ്ടത് തഹസിൽമാരാണ്.
കുറഞ്ഞത് നാലോ അഞ്ചോ തവണയെങ്കിലും വാദം കേട്ട ശേഷമേ ഓരോ കേസിലും വിധി പറയാൻ കഴിയൂ. ലാൻഡ് റിഫോംസ് ആക്ടിലുള്ള പരിജ്ഞാന കുറവും തുടർന്ന് ഉണ്ടാകാനാടിയുള്ള കോടതി വ്യവഹാരവും ഭയന്ന് കേസുകൾ തീർപ്പാക്കാൻ തഹസീൽദാർമാർ തയ്യാറാകാതെ വന്നതാണ് കർഷകർ നേരിടുന്ന വെല്ലുവിളി. 1970ന് മുമ്പ് പട്ടയമുള്ളതിനാൽ പുതിയ പട്ടയം നൽകാൻ കഴിയില്ലെന്ന് തഹസിൽദാർ പറഞ്ഞു. എന്നാൽ പോക്കുവരവ് ചട്ടം റൂൾ 28 പ്രകാരം തഹസീൽദാർക്ക് നടപടി സ്വീകരിക്കാമെന്ന അഭിപ്രായവും ചില റവന്യൂ ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നു. പട്ടയ ഉടമ ജീവിച്ചിരിപ്പില്ലാത്തതിനാൻ പുതിയ ഉടമസ്ഥന് ഭൂമി എഴുതി വാങ്ങാനും കഴിയില്ല. വർഷങ്ങളായി
കൈവശമുള്ള ഭൂമിക്ക് പട്ടയാധികാരം കിട്ടാത്ത സ്ഥിതിയിലാണ് കർഷകർ. ആറ് ജില്ലകളിലെ എല്ലാ താലൂക്ക് ഓഫീസുകളിലും സമാന സ്വഭാവമുള്ള കേസുകളാണുള്ളത്. ഇത്തരം കേസുകൾ ലാൻഡ് ട്രിബ്യൂണലാണ് പരിഗണിച്ചിരുന്നത്. ഭൂമി സംബന്ധമായ ഇത്തരം കേസുകൾ കൂടി വരുന്നതിനാൽ ലാൻഡ് ട്രിബ്യൂണലുകൾ പുന:സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി.

ലാൻഡ് ട്രിബ്യൂണൽ എന്തിന്

ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തിൽ വന്നതു തൊട്ടുള്ള പട്ടയം, ഭൂമി സംബന്ധമായ തർക്കങ്ങൾ പരിഹരിക്കുന്നതിനാണ് ലാൻഡ് ട്രിബ്യൂണലുകൾ സ്ഥാപിച്ചത്. തുടർന്ന് ഭൂമി സംബന്ധമായ എല്ലാ തര്ക്കങ്ങളും ഇവിടെ പരിഗണിക്കപ്പെട്ടു. എന്നാൽ, 2019 ഫെബ്രുവരിയിൽ ആറ് ജില്ലകളിലെ 34 ട്രിബ്യൂണലുകൾ സർക്കാർ നിർത്തലാക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,, പത്തനംതിട്ട ,ഇടുക്കി, ജില്ലകളിലെ ട്രിബ്യൂണുകളാണ് നിറുത്തലാക്കിയത്. ഓരോ ട്രിബ്യൂണുകളിലും അന്ന് 700ൽ താഴെ മാത്രം കേസുകളാണ് ഉണ്ടായിരുന്നത്. അതിനാലാണ് ട്രിബ്യൂണലുകൾ നിർത്തിയത്. വിധി പറഞ്ഞ ശേഷം അപ്പീൽ, എതിർ തർക്ക വിധേയ അപേക്ഷകൾ എനിങ്ങനെ അന്തിമ തീരുമാനം കാത്തിരിക്കുന്ന കേസുകൾ ഉള്ളപ്പോഴാണ് ട്രിബ്യൂണലുകൾ നിറുത്തലാക്കിയത്. ഇവിടെ അവശേഷിച്ച കേസുകൾ അതത് താലൂക്കുകളിലേക്ക് കൈമാറുകയും, തഹസിൽദാർ തീർപ്പാക്കണമെന്നുമായിരുന്നു സർക്കാർ നിർദ്ദേശം. ട്രിബ്യൂണലിലെ ജീവനക്കാരെ മറ്റ് ജില്ലകളിലെ റവന്യൂ ഓഫീസിലേക്ക് വിന്യസിക്കുകയും ചെയ്തു. താലൂക്ക് ഓഫീസുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതോടെ കേസുകളിൽ നടപടി വൈകി. എല്ലാ ദിവസവും കേസ് പരിഗണിക്കുന്ന അർത്ഥ ജുഡീഷ്യൽ പദവിയുള്ള സ്ഥാനപമായിരുന്നു ലാൻഡ് ട്രിബ്യൂണൽ. എന്നിട്ട് പോലും ഇവിടെ കേസുകൾ കെട്ടിക്കിടന്നിരുന്നു.