തൊടുപുഴ: നഗരസഭാ 11-ാം വാർഡ് കൗൺസിലർ മാത്യു ജോസഫിനെതിരെയുള്ള അയോഗ്യത ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താക്കിന്റെ അദ്ധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് വിധി പറയുക. ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ നിശ്ചയിച്ചിട്ടുള്ള കേസ് ലിസ്റ്റിൽ ഈ കേസും ഉൾപ്പെടുത്തിയിട്ടുണ്ട്. 11-ാം വാർഡ് കൗൺസിലർ മാത്യു ജോസഫ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയായാണ് കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. പിന്നീട് എൽ.ഡി.എഫിലേക്ക് കൂറുമാറിയ അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, കെ. ദീപക് എന്നിവർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് ഹർജി നൽകിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഹർജി തള്ളിയതിനെത്തുടർന്ന് അവർ ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ച് റിട്ട് ഹർജി അനുവദിക്കുകയും മാത്യുവിനെ അയോഗ്യനാക്കുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരെ മാത്യു ജോസഫ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്തു. ഈ അപ്പീലിൽ ഹൈക്കോടതി കഴിഞ്ഞദിവസം വാദം കേട്ടിരുന്നു.