തൊടുപുഴ: മുനിസിപ്പൽ ചെയർമാന്റെ രാജികൊണ്ട് നഗരസഭയിലെ പ്രശ്നങ്ങൾ അവസാനിക്കില്ലെന്നും എൽ.ഡി.എഫ് ഭരണത്തിന്റെ ഭാഗമായ വൈസ് ചെയർപേഴ്സനും രാജിവയ്ക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, കെ. ദീപക്, എം.എ. കരീം എന്നിവർ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നര വർഷക്കാലം നടന്ന അനഭികാമ്യമായ കാര്യങ്ങളിലെ ഒരു ചെറിയ ഭാഗം മാത്രമാണ് മുനിസിപ്പൽ ചെയർമാൻ. അദ്ദേഹത്തെ ഉപയോഗിച്ച് സി.പി.എം നടത്തിയ അഴിമതികൾ ഓരോന്നോരോന്നായി പുറത്തുകൊണ്ടുവരും. സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടം നിർമ്മിച്ചത് കോടികൾ മുടക്കിയാണ്. അതിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. ഭരണപരിചയം തീരെ ഇല്ലാതിരുന്ന സനീഷ് ജോർജിനെ ചെയർമാനാക്കിയ ശേഷം ഭരണകാര്യങ്ങളിൽ അദ്ദേഹത്തിന് യാതൊരുവിധ സഹായവും സി.പി.എം നൽകിയില്ല. സംസ്ഥാന സർക്കാരിൽ നിന്ന് ഒരു പദ്ധതി പോലും വാങ്ങിയെടുക്കാൻ സി.പി.എം മുൻകൈ എടുത്തില്ല. തൊടുപുഴയിൽ ഒരു സ്റ്റേഡിയമെന്ന ഏറ്റവും സുപ്രധാനമായ പദ്ധതി പോലും ഉപേക്ഷിച്ചിട്ടും സി.പി.എം നേതൃത്വം ചെറുവിരൽ അനക്കിയില്ല. നഗരത്തിലെ കുണ്ടും കുഴിയുമായ റോഡുകൾ നന്നാക്കാൻ സംസ്ഥാന സർക്കാരിൽ നിന്ന് ധനസഹായം നേടിയെടുത്തില്ല. അനധികൃതമായി പണപ്പിരിവ് നടത്താനുള്ള ഉപകരണമായി സി.പി.എം ചെയർമാനെ ഉപയോഗിക്കുകയായിരുന്നു. യു.ഡി.എഫിൽ നിന്ന് വിജയിച്ച ജെസ്സി ജോണിയെ കൂറ് മാറ്റിച്ചത് സി.പി.എമ്മാണ്. നെറികെട്ട രാഷ്ട്രീയമാണ് സി.പി.എം കളിച്ചത്. എന്നാൽ നാടിനുണ്ടായ വൻ നഷ്ടത്തെക്കുറിച്ച് സി.പി.എമ്മിന് യാതൊരുവിധ ഉത്കണ്ഠയും ഇല്ലെന്ന് അവർ ആരോപിച്ചു. വൈസ് ചെയർപേഴ്സൺ ഉടൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് അവർ അറിയിച്ചു.