തൊടുപുഴ: ശബരി റെയിൽവേ പദ്ധതിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമായ അഡ്വ. ജോസഫ് ജോൺ ആവശ്യപ്പെട്ടു. 25 വർഷങ്ങൾക്ക് മുമ്പ് കേന്ദ്രമന്ത്രിയായിരുന്ന ജോർജ്ജ് ഫെർണാണ്ടസിന് പി.ജെ. ജോസഫ് എം.എൽ.എ നൽകിയ നിവേദനത്തെ തുടർന്നാണ് ശബരി റെയിൽവേ എന്ന ആശയം ഉടലെടുത്തത്. പിന്നീട് പി.സി. തോമസ് എം.പിയായിരിക്കെ ഇതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി. എന്നാൽ കാൽനൂറ്റാണ്ടായിട്ടും പദ്ധതിക്ക് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. പദ്ധതിയുടെ അലൈൻമെന്റിന്റെ ഭാഗമായി കല്ലിട്ട് തിരിച്ച വസ്തു ഉപയോഗശൂന്യമായി തുടരുന്നത് വസ്തു ഉടമകൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. വസ്തു വിൽക്കാനോ ഈട് വെച്ച് വായ്പ എടുക്കാനോ കഴിയുന്നില്ല. ജില്ലയുടെ റെയിൽവേ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പര്യാപ്തമായ ശബരി റെയിൽവേ നിർമ്മാണത്തിന് ഇപ്പോൾ തടസ്സമായിട്ടുള്ളത് സംസ്ഥാന സർക്കാരിന്റെ വിഹിതം നൽകാൻ തയ്യാറാകാത്തതാണ്. എസ്റ്റിമേറ്റ് തുകയായ 3810 കോടിയിൽ, 1905 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ കത്ത് നൽകിയാൽ ശബരി റെയിൽവേ യാഥാർത്ഥ്യമാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായി നടപ്പിലാക്കാൻ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിക്കുകയും റെയിൽവേയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന പിണറായി സർക്കാർ ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയി. 2019 മുതൽ പദ്ധതി മുന്നോട്ട് പോകാതിരിക്കാൻ ഈ നയ വ്യതിയാനം മാത്രമാണ് കാരണം. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. ഈ പദ്ധതി പാതി വഴിയിൽ നിറുത്തി ചെങ്ങന്നൂർ എരുമേലി പാത നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ താത്പര്യം കാണിക്കുന്നത് ദുരൂഹമാണ്. ചെങ്ങന്നൂർ പാതയ്ക്ക് 6000 കോടി രൂപ ചെലവഴിക്കേണ്ടി വരും. അങ്കമാലി- ശബരിമല റെയിൽവേ പാതയ്ക്ക് തിരുവനന്തപുരം വഴി വിഴിഞ്ഞത്തേക്ക് നീട്ടാനുള്ള സാദ്ധ്യത കൂടി സംസ്ഥാന സർക്കാർ കണക്കിലെടുക്കണം. ശബരിപാതയുടെ പേരിൽ ഭൂമി മരവിപ്പിച്ചിരിക്കുന്നത് അന്യായമാണെന്നും സംസ്ഥാന സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.