തൊടുപുഴ: എല്ലാ വിളകൾക്കും ഉത്പാദന ചിലവിന്റെ ഒന്നര മടങ്ങ് താങ്ങുവില നിയമപരമായി ഉറപ്പാക്കാത്ത ബജറ്റ് അവതരണത്തിൽ പ്രതിഷേധിച്ച് ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടന രാജ്യവ്യാപകമായി പ്രതിഷേധദിനമായി ആചരിച്ചു. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുന്നിൽ കൂടിയ യോഗത്തോടനുബന്ധിച്ച് കേന്ദ്ര ബജറ്റിന്റെ കോപ്പി കത്തിച്ചു. എം.എസ്.പി നടപ്പിലാക്കുമെന്ന് ഉറപ്പ് നൽകിയവർ, മൂന്നാം വട്ടം അധികാരമേറ്റിട്ടും കർഷകരെ അവഗണിച്ചത് കാർഷിക മേഖലയിലും കോർപ്പറേറ്റുകളുടെ ചൂഷണം വ്യാപിപ്പിക്കാൻ വേണ്ടിയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി എൻ. വിനോദ്കുമാർ അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി സിബി സി മാത്യു അദ്ധ്യക്ഷനായ യോഗത്തിൽ മാത്യു ജേക്കബ് കൊന്നയ്ക്കൽ, ജോയി പുളിയംമാക്കൽ, കെ.എൽ. ഈപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.