തൊടുപുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ തൊടുപുഴ ജില്ലാ പെൻഷൻ ഭവൻ ഹാളിൽ സംസ്ഥാന സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ അധ്യക്ഷനായി. പെൻഷൻ പരിഷ്‌കരണ ക്ഷാമാശ്വാസ കുടിശികകൾ ഒറ്റത്തവണയായി അനുവദിക്കുക, അഞ്ച് വർഷ തത്വം പാലിച്ച് ജൂലൈ ഒന്ന് മുതൽ പെൻഷൻ പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള പ്രതികാര നടപടികളും അവഗണനയും അവസാനിപ്പിക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിക്കുക, പി.എഫ്.ആർ.ഡി.എ. നിയമം റദ്ദാക്കുക, മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൺവെൻഷനിൽ ഉന്നയിച്ചു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് ഏഴിന് തൊടുപുഴയിൽ നടത്തുന്ന സിവിൽ സ്റ്റേഷൻ മാർച്ചിൽ ആയിരത്തിയഞ്ഞൂറോളം പെൻഷൻകാർ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റിയംഗം വി.കെ. മാണി, ജില്ലാ സെക്രട്ടറി എ.എൻ. ചന്ദ്രബാബു, ടി. ചെല്ലപ്പൻ, ലീലാമ്മ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.