yogam
ജില്ലാ വികസന സമിതി യോഗം

ഇടുക്കി: ജില്ലയിലെ 13 പഞ്ചായത്തുകളിൽ നിർമ്മാണ നിരോധനം ഏർപ്പെടുത്തിയ നടപടി ജില്ലാ ഭരണകൂടം പരിശോധിച്ച് പിൻവലിക്കണമെന്നും ഇത്തരം നടപടികൾ ജില്ലയുടെ വികസന സാദ്ധ്യതകളെ ഇല്ലാതാക്കുമെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ കളക്ടറായി ചുമതലയേറ്റ വി. വിഘ്‌നേശ്വരിയുടെ ആദ്യ ജില്ലാ വികസനമിതി യോഗമായിരുന്നു ഇത്. നിലവിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങളുടെ നിജസ്ഥിതി യോഗം ചർച്ച ചെയ്തു. വെള്ളപ്പൊക്ക സാധ്യത മുന്നിൽകണ്ട് ജില്ലയിൽ നടപ്പാക്കേണ്ട പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് എ. രാജ എം.എൽ.എ ആവശ്യപ്പെട്ടു. വിവിധങ്ങളായ സാങ്കേതിക കാര്യങ്ങളുടെ പേരിലാണ് പ്രവൃത്തികൾ മുടങ്ങുന്നത്. ആസ്തിയുടെ അവകാശ പ്രശ്നങ്ങൾ വികസത്തിന് തടസമാവരുത്. ഉദ്യോഗസ്ഥർ കൃത്യതയോടെ ഇടപെട്ട് പ്രവൃത്തി പൂർത്തീകരിക്കണമെന്നും എ. രാജ പറഞ്ഞു. ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ കോമാളി നഗറിലെ കമ്മ്യൂണിറ്റി റെസിലയൻസ് റിസോഴ്സ് സെന്ററിന് കെട്ടിടം വിട്ട് നൽകാനും യോഗം തീരുമാനിച്ചു. വട്ടവട മാതൃക ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള ഭവന നിർമ്മാണ പുനർ പ്രവൃത്തികൾക്കുള്ള നടപടികൾ പഞ്ചായത്ത് അടിയന്തരമായി തിട്ടപ്പെടുത്തി അറിയിക്കാനും യോഗം നിർദ്ദേശിച്ചു. വണ്ടിപെരിയാർ പൊലീസ് സ്റ്റേഷൻ മുതൽ മഞ്ചുമല വില്ലേജ് ഓഫീസ് വരെ ദേശീയപാതയുടെ ഇരു ഭാഗത്തും വൈദ്യുതി പോസ്റ്റുകൾ ഇട്ടതിനാലുള്ള കാൽനടയാത്ര പ്രശ്നം പരിഹരിക്കണമെന്ന വാഴൂർ സോമൻ എം.എൽ.എയുടെ പരാതിയിൽ നിജസ്ഥിതി സംബന്ധിച്ച ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി,​ സബ്‌കളക്ടർമാരായ അരുൺ എസ്. നായർ, വി.എം. ജയകൃഷ്ണൻ, എ.ഡി.എം ബി. ജ്യോതി, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപാചന്ദ്രൻ എന്നിവർ പങ്കെടുത്തു.