തൊടുപുഴ: മുൻധാരണ അനുസരിച്ച് വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഡി.സി.സി പ്രസിഡന്റിന് രാജി കത്ത് നൽകി. ശനിയാഴ്ച വൈകിട്ട് അഞ്ചിന് തൊടുപുഴ ഓഫീസിൽ എത്തിയാണ് രാജി കത്ത് കൈമാറിയത്. ഭരണ സമിതിയുടെ കാലാവധി തീരാൻ ഒന്നരവർഷം കൂടി ബാക്കിനിൽക്കെയാണ് ഇവരുടെ രാജി. ഒ.ഐ.ഒ.പി സ്ഥാനാർത്ഥിയായി വിജയിച്ച ഇന്ദു ഇടതുമുന്നണിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ആദ്യം പ്രസിഡന്റാകുന്നത്. ഇടതുമുന്നണിയുമായി ഉണ്ടാക്കിയിരുന്ന ധാരണപ്രകാരം രണ്ടര വർഷകാലാവധിക്കുശേഷം ഇവർ രാജിവച്ചെങ്കിലും ഇടതുമുന്നണിയുമായി തുടർന്ന് സഹകരിച്ചില്ല. ധാരണപ്രകാരം പ്രസിഡന്റാകേണ്ടിയിരുന്ന സ്വതന്ത്ര അംഗം രാജുകുട്ടപ്പന് ഇതോടെ അവസരം നഷ്ടമായി. യു.ഡി.എഫിലെത്തിയ ഇന്ദുവിന്റ ആവശ്യം ആദ്യത്തെ ഒരു വർഷം തനിക്ക് പ്രസിഡന്റ് സ്ഥാനം നൽകണമെന്നായിരുന്നു. യു.ഡി.എഫ് ഇത് അംഗീകരിച്ചതോടെയാണ് ഇടതുമുന്നണിയിൽ നിന്ന് ഭരണം യു.ഡി.എഫ് പിടിച്ചെടുക്കുന്നത്. പഞ്ചായത്തിലെ പതിനഞ്ചംഗ ഭരണസമിതിയിൽ യു.ഡി.എഫ്: കോൺഗ്രസ്- അഞ്ച്,​ കേരളാകോൺഗ്രസ്- രണ്ട്, ഒ.ഐ.ഒ.പി- ഒന്ന് എന്നിങ്ങനെയാണ് യു.ഡി.എഫിന്റെ കക്ഷിനില. എൽ.ഡി.എഫിൽ സി.പി.എം- അഞ്ച്,​ കേരളാകോൺഗ്രസ് (എം)-ഒന്ന്, സ്വതന്ത്രൻ- ഒന്ന്. അഞ്ചംഗങ്ങളുള്ള കോൺഗ്രസിനാണ് അവശേഷിക്കുന്ന ഒന്നരവർഷത്തെ പ്രസിഡന്റ് സ്ഥാനം. അഞ്ച് അംഗങ്ങളിൽ ആർക്ക് പ്രസിഡന്റ് സ്ഥാനം നൽകണമെന്ന തർക്കം നിലനിൽക്കുന്നതിനാലാണ് സെക്രട്ടറിക്ക് രാജിക്കത്ത് നൽകാതെ സി.പി. മാത്യുവിന് കത്തു കൈമാറിയതിന് കാരണം.