joseph
ഹരിതകർമ്മ സേനയ്ക്ക് മാലിന്യം ശേഖരിക്കുന്നതിന് ചണം കൊണ്ടുണ്ടാക്കിയ ബാഗുകളുടെ വിതരണോദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മണക്കാട്: മാലിന്യ രോഗമുക്ത സുന്ദര ഗ്രാമം പദ്ധതി മണക്കാട് ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള അവാർഡ് ദാനത്തിന്റെയും മെൻസ്ട്രൽ കപ്പുകളുടെയും ബിന്നുകളുടെയും വിതരണവും പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏറ്റവും മാതൃകാപരമായി മാലിന്യം സംസ്‌കരിക്കുന്ന വീടുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള അവാർഡ് ദാനമാണ് എം.എൽ.എ നിർവഹിച്ചത്. മാതൃകാപരമായി മാലിന്യം സംസ്‌കരിക്കുന്ന വീടിനുള്ള പുരസ്‌കാരം ജോസ്മി ടിജോ ആലംകോടിനും സ്ഥാപനത്തിനുള്ള പുരസ്‌കാരം പുതുപ്പരിയാരം ജനകീയ ആരോഗ്യ കേന്ദ്രത്തിനും ലഭിച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാതെ നിക്ഷേപിക്കുന്നതിനുള്ള ബിന്നുകളുടെയും മെൻസ്ട്രൽ കപ്പുകളുടെ വിതരണോദ്ഘാടനവും അദ്ദേഹം നടത്തി. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങളെ ജില്ലാതലത്തിൽ ആറാം സ്ഥാനവും ബ്ലോക്ക് തലത്തിൽ ഒന്നാം സ്ഥാനവും നേടിയ മണക്കാട് ഗ്രാമപഞ്ചായത്തിനെ എം.എൽ.എ അഭിനന്ദിച്ചു. ഹരിത കർമ്മ സേനയ്ക്ക് അജൈവമാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്നതിന് ചണം കൊണ്ടുണ്ടാക്കിയ ബാഗുകൾ എല്ലാ വീടുകൾക്കും നൽകി. യോഗത്തിൽ മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ- ബ്ലോക്ക് മെമ്പർമാരായ പി.എസ്. ജേക്കബ്,​ ജീന അനിൽ, സീന ബിന്നി, മാർട്ടിൻ ജോസഫ്, ജിജോ ജോർജ്, എ. ജയൻ, ടിസി ജോബ്,​ എ.എൻ. ദാമോദരൻ നമ്പൂതിരി, റോഷ്നി ബാബുരാജ്, ദിലീപ് കുമാർ, ലിൻസി ജോൺ എന്നിവർ പ്രസംഗിച്ചു. കുടുംബാരോഗ്യകേന്ദ്രം ജെ.എച്ച്.ഐ ശ്രീനി കെ.എസ്. നന്ദിയും പറഞ്ഞു.