തൊടുപുഴ: നഗരസഭ ഒമ്പതാം വാർഡ് ഉപതിരഞ്ഞെടുപ്പിന്റെ ജനവിധി വികസന വിരുദ്ധതയ്ക്കെതിരെയാകുമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. തൊടുപുഴ നഗരസഭ ഒമ്പതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ഐക്യ ജനാതിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോർജ് ജോൺ കൊച്ചുപറമ്പിലിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ വിശദീകരണ യോഗം മുതലക്കോടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നര വർഷത്തെ അഴിമതിയിൽ കുളിച്ച നഗരസഭ ഭരണം അടിസ്ഥാന വികസന കാര്യങ്ങളിൽ ഏറെ പിന്നിലാണെന്നും രാഷ്ട്രീയ മുഖം നഷ്ടപ്പെട്ട ഇടതുപക്ഷം ജനങ്ങളുടെ മുമ്പിൽ തിരഞ്ഞെടുപ്പിൽ വലിയ പരാജയമാകും എറ്റുവാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.എച്ച്. സുധീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ ടി.ജെ. പീറ്റർ സ്വാഗതം ആശംസിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ജോസഫ് ജോൺ, ജോസി ജേക്കബ്, എൻ.ഐ. ബെന്നി, അഡ്വ. ആൽബർട്ട് ജോസ്, പി.കെ. മൂസ, കെ.ജി. സജിമോൻ, കെ.കെ. ജോയി, സജീവ് മുണ്ടക്കൽ, പി.എം. നിസാമുദ്ദീൻ, സി.എം. മുനീർ, ജോർജ്ജ് താന്നിക്കൻ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ജോർജ്ജ് ജോൺ കൊച്ചുപറമ്പിൽ തിരഞ്ഞെടുപ്പു ചിഹ്നമായ ഓട്ടോറിക്ഷ അടയാളത്തിൽ വോട്ടഭ്യർത്ഥിച്ചു.