പീരുമേട്: പീരുമേട് താലൂക്കിലെ ഇടിഞ്ഞുവീഴാറായ തൊഴിലാളി ലയങ്ങൾ നവീകരിക്കുന്നതിന് തൊഴിൽ വകുപ്പ് നൽകിയ എസ്റ്റിമേറ്റ് ധനവകുപ്പിലെ പരിശോധനയും മറ്റും കഴിഞ്ഞ് സാങ്കേതിക വിഭാഗം അംഗീകരിച്ചു. 33.70 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ അംഗീകരിച്ചു ധനവകുപ്പിന് തുടർ നടപടി സ്വീകരിക്കാൻ ശുപാർശ നൽകിയത്. ഇടിഞ്ഞു വീഴാറായ ലയങ്ങൾ എല്ലാം നവീകരിക്കണം എന്നാവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി മുഖ്യമന്ത്രി, തൊഴിൽമന്ത്രി, ധനമന്ത്രി എന്നിവർക്ക് നിവേദനം നൽകിയിരുന്നു. 2022- 23ലെ ബഡ്ജറ്റിൽ തകർച്ചയിലായ തൊഴിലാളി ലയങ്ങൾ നവീകരിക്കാൻ അനുവദിച്ച തുകയിൽ നിന്നാണ് അടച്ചു പൂട്ടിയ തോട്ടങ്ങളിലെ ലയങ്ങൾ പൊളിച്ചു മാറ്റി പുതിയവ പണിയാൻ തീരുമാനിച്ചിട്ടുള്ളത്. ജില്ലാ നിർമിതികേന്ദ്രമാണ് കഴിഞ്ഞ വർഷം ലയങ്ങൾ സന്ദർശിച്ചു എസ്റ്റിമേറ്റ് തയാറാക്കിയത്. തകർച്ചയിലായ ലയങ്ങളുടെ നവീകരണത്തിന് 2023- 24 ബഡ്ജറ്റിലും 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അനുവദിച്ച തുക പൂർണമായും ഉപയോഗിച്ച് താലൂക്കിലെ എല്ലാ ലയങ്ങളും നവീകരിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും വീണ്ടും ഗിന്നസ് മാടസാമി നിവേദനം നൽകിയിട്ടുണ്ട്. പീരുമേട് താലൂക്കിൽ 23 വർഷമായി പൂട്ടിക്കിടക്കുന്ന നാല് എസ്റ്റേറ്റുകളിലെ ലയങ്ങളാണ് ഏറ്റവും തകർച്ചയിലുള്ളത്. പ്രവർത്തിക്കുന്ന തോട്ടങ്ങളിലെ ലയങ്ങൾ പ്ലാന്റേഷൻ ഡയറക്ടറേറ്റ് മുഖേന നവീകരിക്കാനാണ് തീരുമാനം.
തകർന്ന് വീഴാറായ രണ്ടായിരത്തോളം ലയങ്ങൾ
പീരുമേട് താലൂക്കിൽ പൂട്ടിയ തോട്ടങ്ങൾ ഉൾപ്പെടെ ചെറുതും വലുതുമായി അമ്പത്തിമൂന്നോളം തോട്ടങ്ങളാണുള്ളത്. ഇതിൽ 1658 ലയങ്ങളുൾപ്പെടും. പതിനാലായിരത്തിലധികം തോട്ടം തൊഴിലാളികളാണ് ഇവിടെ തിങ്ങി പാർക്കുന്നത്. പകുതിയിലധികം അന്യസംസ്ഥാന തൊഴിലാളികളുമാണ്. പീരുമേട് താലൂക്കിൽ വലിയ തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നത് വണ്ടിപ്പെരിയാർ പഞ്ചായത്തിലാണ്. പോബ്‌സ് ഗ്രൂപ്പിന്റെ ഗ്രാമ്പി, മഞ്ചുമല, പശുമല, തേങ്ങാക്കൽ, നെല്ലിക്കായ്, ഇഞ്ചിക്കാട് എസ്റ്റേറ്റ്, ബഥേൽ പ്ലാന്റേഷന്റെ തങ്കമല, മൗണ്ട്, ശബരിമല, എ.വി.ടി കമ്പനിയുടെ അരണക്കല്ല്, ഹാരിസൺ മലയാളം ലിമിറ്റഡിന്റെ വാളാർഡി, മൂങ്കിലാർ എസ്റ്റേറ്റുകൾ എന്നിവയാണ് പ്രവർത്തിക്കുന്നത്. ഏറ്റവുമധികം പൊട്ടിപ്പൊളിഞ്ഞ് നിലംപൊത്താറായി സ്ഥിതിചെയ്യുന്ന ലയങ്ങളുള്ളത് പോബ്‌സ് ഗ്രൂപ്പിന്റെ തോട്ടങ്ങളിലും ബഥേൽ പ്ലാന്റേഷന്റെ തോട്ടങ്ങളിലുമാണ്. മാനേജ്‌മെന്റ് ആവട്ടെ അറ്റകുറ്റപ്പണികൾ ചെയ്ത് കൊടുക്കാൻ പോലും തയാറാകുന്നുമില്ല. മഴ ശക്തമായാൽ പലതും ചോർന്നൊലിക്കും. പീരുമേട് താലൂക്കിന്റെ വിവിധ തോട്ടങ്ങളിലായി പൂർണമായും ഭാഗികമായും തകർന്ന ലയങ്ങളുമുണ്ട്. പീരുമേട് താലൂക്കിൽ പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ ലോൺട്രി, എം.എം.ജെ പ്ലാന്റേഷന്റെ ബോണാമി, കോട്ടമല എസ്റ്റേറ്റുകളാണ് 23 വർഷമായി പൂട്ടിക്കിടക്കുന്നത്. ഇവിടെ ജോലിയെടുത്തിരുന്ന തൊഴിലാളികളാണ് കൂടുതലായും ദുരിതമനുഭവിക്കുന്നത്.