തൊടുപുഴ: ഒരു മാസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കൈക്കൂലി വിവാദത്തിൽ ഉൾപ്പെട്ട ചെയർമാൻ സനീഷ് ജോർജ് രാജി പ്രഖ്യാപിച്ചതോടെ തൊടുപുഴ നഗരസഭാ ഭരണം വീണ്ടും ത്രിശങ്കുവിലായി. തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും യു.ഡി.എഫ് പക്ഷത്തു നിന്നുള്ളവരെ ഒപ്പം ചേർത്ത് മൂന്നര വർഷം ഇടതുമുന്നണിയാണ് ഭരണത്തിനു നേതൃത്വം നൽകിയത്. കോൺഗ്രസ് വിമതനായി മൽസരിച്ചു വിജയിച്ച സനീഷ് ജോർജിനു ചെയർമാൻ സ്ഥാനവും നൽകി.
എന്നാൽ ചെയർമാന്റെ രാജിയോടെ ഭരണം കൈയാളിയിരുന്ന എൽ.ഡി.എഫാണ് നഗരസഭയിൽ കൂടുതൽ വെല്ലുവിളി നേരിടുന്നത്. മുസ്ലീം ലീഗ് സ്വതന്ത്രയായി മൽസരിച്ചു വിജയിച്ച് പിന്നീട് എൽഡിഎഫിനോടൊപ്പം ചേർന്ന ജെസി ജോണിയെ കോടതി അയോഗ്യയാക്കിയതിനെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പ് 30ന് നടക്കുകയാണ്. ഇതിനു പുറമെ കേരള കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിക്കുകയും പിന്നീട് എൽ.ഡി.എഫിനൊപ്പം നിൽക്കുകയും ചെയ്ത 11-ാം വാർഡ് കൗൺസിലർ മാത്യു ജോസഫിനെതിരെ യു.ഡി.എഫ് കൗൺസിലർമാർ കോടതിയിൽ നൽകിയ ഹർജിയിലും നാളെ വിധി പറയും. രണ്ടു സംഭവങ്ങളും എൽ.ഡി.എഫിനെ സംബന്ധിച്ച് നഗരസഭ ഭരണത്തിൽ ഏറെ നിർണായകമാണ്. കുമ്മംകല്ലിലെ സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭ അസി.എൻജനീയർ സി.ടി. അജി, ഇടനിലക്കാരനായ റോഷൻ സർഗം എന്നിവരെ വിജിലൻസ് അറസ്റ്റു ചെയ്ത കേസിലാണ് ചെയർമാൻ രണ്ടാം പ്രതിയായത്. ഇതോടെ ചെയർമാന്റെ രാജിയ്ക്കു വേണ്ടി പ്രതിപക്ഷ കക്ഷികൾ നഗരസഭയിൽ സമരം ആരംഭിച്ചു. സംഭവം വിവാദമാകുകയും മുന്നണിയ്ക്ക് അവമതിപ്പുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിൽ ചെയർമാൻ സ്ഥാനം രാജി വയ്ക്കാൻ സനീഷ് ജോർജിനോട് എൽ.ഡി.എഫും സി.പി.എമ്മും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സി.പി.എം നിർദേശം തള്ളിയ ചെയർമാൻ രാജി വയ്ക്കില്ലെന്നും പ്രഖ്യാപിച്ചു. ഇതോടെ ചെയർമാനെതിരെ അവിശ്വാസ നീക്കവുമായി എൽ.ഡി.എഫ് രംഗത്തു വരികയായിരുന്നു. പ്രതിപക്ഷ കക്ഷികൾ അവിശ്വാസത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാളെ അവിശ്വാസം പാസാകുമെന്ന് ഉറപ്പായതോടെയാണ് ചെയർമാൻ രാജി വയ്ക്കാൻ തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തിൽ രണ്ടു മുന്നണികൾക്കും ഭരിക്കാനുള്ള കേവല ഭൂരിപക്ഷമില്ല. സനീഷ് ജോർജും ജെസി ജോണിയും ഉൾപ്പെടെ 15 അംഗങ്ങളുമായാണ് എൽ.ഡി.എഫ് നഗരസഭയിൽ ഭരണം പിടിച്ചത്. യു.ഡി.എഫിന്- 12, ബി.ജെ.പി- എട്ട് എന്നിങ്ങനെയായിരുന്നു കക്ഷി നില. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പതാം വാർഡൊഴികെ നിലവിൽ 34 അംഗ കൗൺസിലിൽ എൽ.ഡി.എഫ്- 14, യു.ഡി.എഫ്- 12, ബി.ജെ.പി- എട്ട് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷി നില. ഇവിടെ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുകയും സനീഷ് ജോർജ് ഒപ്പം നിൽക്കുകയും ചെയ്താൽ എൽ.ഡി.എഫിന് 15 എന്ന നിലയിൽ ഭരണം നില നിർത്താനാകും. സനീഷ് ജോർജ് മുന്നണി മാറിയാലും 14- 13 എന്ന നിലയിൽ ഭരണം എൽ.ഡി.എഫിനൊപ്പം നിൽക്കും. ബി.ജെ.പി വിജയിയ്ക്കുകയും സനീഷ് ജോർജ് മുന്നണി മാറുകയും ചെയ്താൽ ചെയർമാൻ സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടി വരികയും ചെയ്യും.

സ്വതന്ത്രനായി തുടരുമെന്ന് സനീഷ് ജോർജ്ജ്
അവിശ്വാസ പ്രമേയ ചർച്ചയിലേക്ക് നീട്ടിക്കൊണ്ടുപോകരുതെന്ന സഹ കൗൺസിലർമാരുടെ നിർബന്ധപ്രകാരമാണ് രാജിയെന്ന് ചെയർമാൻ സനീഷ് ജോർജ്ജ് പറഞ്ഞു. ഇനി സ്വതന്ത്ര കൗൺസിലറായി തുടരാനാണ് നിലവിലെ തീരുമാനം. ഒരു മുന്നണിയും സമീപിച്ചിട്ടില്ല. 2020ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച തന്നെ യു.ഡി.എഫ് പരിഗണിച്ചില്ല. പാർട്ടിയുടെ ബൂത്ത് പ്രസിഡന്റായിരുന്നു താൻ. ഒമ്പതാം വാർഡിലെ കൗൺസിലറായിരുന്ന ജെസി ജോണിക്ക് വൈസ് ചെയർപേഴ്സൺ സ്ഥാനം നൽകാമെന്ന് പറഞ്ഞെങ്കിലും അതും നടന്നില്ല. ഈ സാഹചര്യത്തിലാണ് തങ്ങളിരുവരും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായത്. തൊടുപുഴ പോലൊരു നഗരസഭയുടെ അദ്ധ്യക്ഷസ്ഥാനം ലഭിച്ചത് കൂലിപ്പണിക്കാരനായ തനിക്ക് കിട്ടിയ ഭാഗ്യമാണ്. മുൻ ഭരണസമിതികൾക്ക് സാധിക്കാത്ത വലിയ വികസനമുന്നേറ്റമാണ് എൽ.ഡി.എഫ് കഴിഞ്ഞ മൂന്നരവർഷത്തിൽ നഗരസഭയിലുണ്ടാക്കിയത്. 75 കോടിരൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തി. പലതും പൂർത്തിയാക്കാനും തുടങ്ങിവയ്ക്കാനും സാധിച്ചെന്നും സനീഷ് ജോർജ് പറഞ്ഞു. പാർട്ടിയോട് ചേർന്നുനിന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നല്ലാതെ ചെയർമാൻ പദവി ദുരുപയോഗം ചെയ്യേണ്ട സാഹചര്യം സി.പി.എമ്മോ മുന്നണയോ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.