തൊടുപുഴ: പെരിങ്ങാശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ തന്നിഷ്ടപ്രകാരം സർവീസ് നടത്തുന്നതായി പരാതി. ഇടയ്ക്കുള്ള പല ട്രിപ്പുകളും മുടക്കിയാണ് ഇവർ യാത്രക്കാരെ ദ്രോഹിക്കുന്നത്. പെരിങ്ങാശ്ശേരിയിൽ നിന്ന് വൈകിട്ട് ഏഴിന് തൊടുപുഴയ്ക്ക് പുറപ്പെട്ട് രാത്രി 8.30ന് തൊടുപുഴയിൽ നിന്ന് പെരിങ്ങാശ്ശേരിക്കുള്ള ട്രിപ്പ് പൂർണ്ണമായും നിറുത്തിയ നിലയിലാണ്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ആശുപത്രികളിലും മറ്റും പോയി മടങ്ങുന്നവർക്കും ഈ ട്രിപ്പ് ഉപകാരപ്രദമായിരുന്നു. എന്നാൽ നഷ്ടത്തിന്റെ പേര് പറഞ്ഞു അവസാന ട്രിപ്പ് മുടക്കുന്നത് പതിവായിരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു ഫലവുമുണ്ടായില്ല. മുമ്പ് കൊവിഡ് കാലത്ത് യാത്രക്കാർ കുറവാണെന്ന കാരണത്താലായിരുന്നു ട്രിപ്പുകൾ മുടക്കിയിരുന്നത്. അതുപോലെ ജനങ്ങൾ പരാതി നൽകുമ്പോൾ യാത്രക്കാരെ ഒഴിവാക്കി സർവീസ് നടത്തി യാത്രക്കാർ ഇല്ലെന്ന് വ്യാജ രേഖകൾ ചമയ്ക്കുന്നതായും ആക്ഷേപം ഉണ്ട്. ഞായറാഴ്ച ദിവസങ്ങളിൽ ഭൂരിഭാഗം ട്രിപ്പുകളും മുടക്കുന്ന സാഹചര്യമാണ്. കെ.എസ്.ആർ.ടി.സി ബസിനായി ശ്രമം നടത്തുമ്പോൾ സ്വകാര്യ ബസ് ഉടമകൾ ബന്ധപ്പെട്ടവരെ സ്വാധീനിച്ചു അതും സമ്മതിക്കാത്ത സാഹചര്യമാണ്.