temple

ചെറുതോണി: കഞ്ഞിക്കുഴി ആൽപ്പാറ ദേവി ക്ഷേത്രത്തിലെത്തിയ കാട്ടാനക്കൂട്ടം വ്യാപക നാശനഷ്ടം വരുത്തി. സംഭവസമയത്ത് ക്ഷേത്രത്തിൽ പൂജാരിയോ മറ്റ് ജീവനക്കാരോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. രാത്രി ക്ഷേത്ര മുറ്റത്ത് എത്തിയ കാട്ടാനക്കൂട്ടം ക്ഷേത്രത്തിലെ കൽവിളക്കുകൾ, ഹോമമണ്ഡപം തിടപ്പള്ളി, വാട്ടർ ടാങ്ക്, കാർഷിക വിളകൾ തുടങ്ങിയവ പൂർണമായി നശിപ്പിച്ചു. പാൽക്കുളം മേട്ടിൽ നിന്ന് വന്ന കാട്ടാനക്കൂട്ടം സമീപ പ്രദേശങ്ങളിലെ നിരവധി കൃഷി ഭൂമികളിലും നാശം വിതച്ചു. ഈ പ്രദേശത്ത് വന്യജീവി ആക്രമണം പതിവായിട്ടും വനം വകുപ്പിന്റെയോ മറ്റ് അധികാരികളുടെയോ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. കിടപ്പുരോഗികളടക്കമുള്ള ജനവാസ മേഖലയിൽ കാട്ടാന എത്തിയതോടെ പ്രദേശ വാസികൾ പരിഭ്രാന്തിയിലാണ്. ഫെൻസിങ് അടക്കമുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചു വന്യ ജീവി ആക്രമണം തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര രംഗത്തിറങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി വനംവകുപ്പിന്റെ നിസംഗതയ്ക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ പരാതി നൽകാൻ ഒപ്പ് ശേഖരണം നടത്തും.