തൊടുപുഴ :വിദ്യാലയ കാർഷിക സമ്പാദ്യ പദ്ധതിയായ പച്ചക്കുടുക്ക പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് കലയന്താനി സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പി .ജെ ജോസഫ് എം. എൽ. എ നിർവഹിക്കും. പാഴായി പോകുന്ന കാർഷിക ഉത്പ്പന്നങ്ങൾ വിദ്യാർത്ഥികൾ വഴി സ്കൂളുകൾ കേന്ദ്രീകരിച്ച് സംഭരിച്ച് വിപണനം ചെയ്യുകയും ലഭിക്കുന്ന പണം ബാങ്കിൽ നിക്ഷേപിച്ച് ചുരുങ്ങിയത് 4000 രൂപ ഓരോ കുട്ടിക്കും ലഭിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ കാതൽ . കോട്ടയം ഇടുക്കി എറണാകുളം ജില്ലകളിലെ 20 സ്കൂളുകളാണ് ഈ വർഷം പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത് . ആയിരം കുട്ടികൾ പദ്ധതിയുടെ ഭാഗമാകും. എല്ലാ കുട്ടികൾക്കും സൗജന്യമായി 50,000 പച്ചക്കറി തൈകളും വിത്തുകളും നൽകും.
സ്കൂൾ മാനേജർ ഫാ. ഡോ. ഫ്രാൻസിസ് കീരംപാറ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനൂജ സുബൈർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് ,ആലക്കോട് കൃഷി ഓഫീസർ ആര്യാംബ ടി. ജി, സ്കൂൾ പ്രിൻസിപ്പൽ ടോമി ഫിലിപ്പ് , പി.ടി.എ പ്രസിഡൻറ് പ്രദീപ് പോൾ ,പച്ചക്കുടുക്ക ചീഫ് കോർഡിനേറ്റർ കെ.എം മത്തച്ചൻ എന്നിവർ പ്രസംഗിക്കും .കാഡ്സ് ചെയർമാൻ കെ.ജി ആൻറണി സ്വാഗതവും സ്കൂൾ ഹെഡ് മാസ്റ്റർ ഫാ. ആൻറണി പുലിമലയിൽ നനദിയും പറയും.