തൊടുപുഴ: നഗരസഭ പതിനൊന്നാം വാർഡ് കൗൺസിലർ മാത്യു ജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കിയത് എൽ.ഡി.എഫിന്റെ കുതിരക്കച്ചവടത്തിനുള്ള കനത്ത തിരിച്ചടിയാണെന്ന് യു.ഡി.എഫ് തൊടുപുഴ നിയോജകമണ്ഡലം കൺവീനർ എൻ.ഐ. ബെന്നി, ചെയർമാൻ എ.എം. ഹാരിദ്, സെക്രട്ടറി അഡ്വ. ജോസി ജേക്കബ് എന്നിവർ ആരോപിച്ചു. യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ചതിനുശേഷം പ്രലോഭനങ്ങൾ വാഗ്ദാനം ചെയ്ത് രണ്ട് കൗൺസിലർമാരെ കൂറ് മാറ്റിയത് എൽ.ഡി.എഫാണ്. കൈയിൽ കിട്ടിയ മുൻസിപ്പൽ ഭരണം ഉപയോഗിച്ച് സി.പി.എം വ്യാപകമായ അഴിമതിയും പണപ്പിരിവും നടത്തി. തൊടുപുഴ മുനിസിപ്പൽ ഭരണ നേതൃത്വത്തിന് യാതൊരുവിധ സഹായവും സി.പി.എം നൽകിയില്ല. ഈ ഭരണത്തിന്റെ ഭാഗമായ വൈസ് ചെയർപേഴ്സനും രാജിവെച്ച് ഒഴിയണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും അതിനായി കടുത്ത സമ്മർദ്ദം ചെലുത്തുമെന്നും അവർ പറഞ്ഞു.