തൊടുപുഴ: നഗരസഭ ഒമ്പതാം വാർഡിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ജോർജ് ജോൺ കൊച്ചുപറമ്പിൽ (യു.ഡി.എഫ് സ്വതന്ത്രൻ), ബാബു ജോർജ് (എൽ.ഡി.എഫ് സ്വതന്ത്രൻ), രാജേഷ് പൂവാശേരിൽ (ബി.ജെ.പി), റൂബി വർഗീസ് ആംആദ്മി പാർട്ടി എന്നിവരാണ് മത്സര രംഗത്തുള്ളത്. യു.ഡി.എഫ് മുസ്ലീം ലീഗിന് നൽകിയിരിക്കുന്ന സീറ്റിൽ ലീഗ് സ്വതന്ത്രയായി മത്സരിച്ചു വിജയിച്ച ജെസി ജോണി പിന്നീട് കൂറുമാറി എൽ.ഡി.എഫ് പക്ഷത്ത് ചേർന്ന് വൈസ് ചെയർപേഴ്സണായിരുന്നു. തുടർന്ന് യു.ഡി.എഫ് നൽകിയ ഹർജിയെ തുടർന്ന് ഇവരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയിരുന്നു. ഇതേതുടർന്നാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 1281 വോട്ടർമാരുള്ള വാർഡിൽ 392 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജെസി ജോണി വിജയിച്ചത്. യു.ഡി.എഫിന് നിർണായക സ്വാധീനമുള്ള വാർഡായതിനാൽ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇവർ. എന്നാൽ ആംആദ്മി പാർട്ടി സ്ഥാനാർത്ഥി മുന്നണികൾക്ക് വെല്ലുവിളിയുയർത്തി പ്രചാരണ രംഗത്ത് സജീവമാണ്. ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാനായാൽ നഗരസഭ ഭരണം കൂടി നേടാനുള്ള അവസരം യു.ഡി.എഫിന് വന്നു ചേരും. നിലവിലുള്ള 12 എന്ന നിലയിൽ നിന്ന് അംഗബലം 13 ആയി ഉയരും. ഒരാളുടെ പിന്തുണ കൂടി ലഭിച്ചാൽ നഗരസഭ ഭരണം ലഭിക്കും. നഗരസഭ ചെയർമാന്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാണ്.
വാർഡിലെ ആകെവോട്ടർമാർ- 1281
വോട്ട് നില- 2020
ജെസിജോണി (യു.ഡി.എഫ്)- 592
സി.ടി. ഫ്രാൻസിസ് (എൽ.ഡി.എഫ്)- 158
കെ.എ.മോഹൻകുമാർ (ബി.ജെ.പി)- 21