കട്ടപ്പന :പുലിയിറങ്ങിയതറിഞ്ഞ് നടുങ്ങി നാട്ടുകാർ. ഞായർ രാത്രി 9 മണിയോടെ ഹെലിബറിയാ വള്ളക്കടവ് പാലത്തിന് സമീപത്ത് ഓട്ടോറിക്ഷ ഡ്രൈവറായ ബിജുവാണ് ആദ്യം പുലിയെ കണ്ടത്. വാഹനത്തിന്റെ ശബ്ദം കേട്ട് പുലി സമീപത്തെ തേയിലക്കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. ഇതിനുശേഷം രാത്രി 11 മണിയോടുകൂടിയാണ് ഇവിടെ നിന്നും കുറച്ചു മാറി കാട്ടുവിളയിൽ പീലിപ്പോസിന്റെ വീടിന് സമീപം പുലി എത്തുന്നത്. വീടിന്റെ സമീപം തൊഴുത്തിൽ ഉണ്ടായിരുന്ന ആട്ടിൻകുട്ടികളെ പുലി ആക്രമിച്ചു.മൃഗങ്ങൾ കരയുന്ന ശബ്ദം കേട്ട് പീലിപ്പോസിന്റെ അച്ഛനും അമ്മയും അടക്കം വീടിന് പുറത്തേക്കിറങ്ങി പരിശോധിച്ചപ്പോൾ വീടിന്റെ മുൻവശത്ത് കൂടി തൊട്ടടുത്ത പറമ്പിലേക്ക് പുലി പോകുന്നതായി കണ്ടു.
ഇതോടെ ഫോൺ മുഖാന്തരം സമീപവാസികളെ ഇവർ വിവരം അറിയിച്ചു. പീലിപ്പോസിന്റെ വീടിന്റെ മുൻവശത്തും കൃഷിയിടത്തിലും ആയി സ്ഥാപിച്ച സിസിടിവി പരിശോധിച്ചപ്പോൾ പുലിയാണ് എത്തിയതെന്ന് വ്യക്തമാവുകയും ചെയ്തു.
വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ 10 ന് മുറിഞ്ഞപുഴ ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപും സമീപത്ത് സമാന രീതിയിൽ പുലി എത്തിയിരുന്നു. അന്ന് തെയ്ല തോട്ടത്തിൽ മേയാൻ വിട്ട പശു കിടാവിനെ അടക്കം പുലി ആക്രമിച്ചിരുന്നു.പുലിയെ പിടികൂടാൻ വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചുവെങ്കിലും അന്ന് പുലി കെണിയിൽ വീണില്ല.ഇതിനുശേഷം മാസങ്ങൾക്ക് ഇപ്പുറമാണ് വീണ്ടും പുലി മേഖലയിൽ എത്തിയത്.