തൊടുപുഴ: എല്ലാ വർഷവും നടക്കുന്ന പ്രസിദ്ധമായ ഇടവെട്ടി ഔഷധസേവ നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ അഞ്ചുമുതൽ പകൽ 1.30വരെയാണ് ഔഷധസേവ. ഇതിനായെത്തുന്ന എല്ലാവർക്കും കർക്കിടക കഞ്ഞി വിതരണംചെയ്യും. ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന ഔഷധക്കൂട്ട് അരയാലിന്റെ ഇലയിലാണ് വിതരണം ചെയ്യുക. ഒരേസമയം 500 പേർക്ക് ഔഷധം സേവിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾക്ക് മാധവൻ നമ്പൂതിരി പടിഞ്ഞാറേമഠം, പി.കെ.കെ നമ്പൂതരിപ്പാട് പുതുവാമന, ക്ഷേത്രം മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും. രാവിലെ അഞ്ചു മുതൽ തൊടുപുഴയിൽ നിന്ന് ഇടവെട്ടിയിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. വാർത്താ സമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് വി.ബി. വിജയൻ, സെക്രട്ടറി സിജു ബി. പിള്ള വടക്കേമൂഴിക്കൽ, എം.ആർ. ജയകുമാർ, പി.എ. ശശീന്ദ്രൻ, പി.ആർ. സുധീർകുമാർ എന്നിവർ പങ്കെടുത്തു.