തൊടുപുഴ: കൂറ് മാറിയ തൊടുപുഴ നഗരസഭയിലെ പതിനൊന്നാം വാർഡ് കൗൺസിലർ മാത്യു ജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ 35 അംഗ കൗൺസിൽ 33 അംഗങ്ങളായി കുറഞ്ഞു. തുടർച്ചയായ രണ്ടാമതൊരു അംഗം കൂടി അയോഗ്യനായതോടെ നഗരസഭാ ഭരണം ആകെ കുഴഞ്ഞുമറിഞ്ഞ സ്ഥിതിയായി. കൂറുമാറ്റത്തെ തുടർന്ന് നേരത്തെ ഹൈക്കോടതി അയോഗ്യയാക്കിയ ജെസി ജോണി മത്സരിച്ച ഒമ്പതാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽ 382 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജെസി ജോണി വിജയിച്ചത്. നഗരസഭയിൽ യു.ഡി.എഫിന് നിലവിൽ 12 അംഗങ്ങളാണുള്ളത്. മാത്യു ജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ എൽ.ഡി.എഫിന്റെ അംഗബലം 12 ആയി ചുരുങ്ങുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽ നിന്ന് യു.ഡി.എഫ് വിജയിച്ചാൽ അംഗബലം 13 ആയി ഉയരും. ചെയർമാൻ സ്ഥാനം രാജി വച്ച സനീഷ് ജോർജും യു.ഡി.എഫിനൊപ്പം നിൽക്കുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്. ഇതോടെ ഭരണം യു.ഡി.എഫിന് ലഭിക്കാനാണ് സാദ്ധ്യയേറുന്നത്.

ഒടുവിൽ ചെയർമാൻ

രാജിവച്ചു​

ഒരു മാസത്തിലേറെ നീണ്ടു നിന്ന സമരങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് രാജി സമർപ്പിച്ചു. ഇന്നലെ രാവിലെ 10.15ന് മുനിസിപ്പൽ സെക്രട്ടറിക്ക് ഔദ്യോഗികമായി രാജിക്കത്ത് കൈമാറിയത്. എൽ.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു രാജി. അഴിമതി കേസിൽ വിജലൻസ് അറസ്റ്റ് ചെയ്ത അസിസ്റ്റന്റ് എൻജിനിയർ സി.ടി. അജിക്കും ഇടനിലക്കാരൻ റോഷൻ സർഗത്തിനൊപ്പം രണ്ടാം പ്രതിയാണ് സനീഷ് ജോർജ്ജ്. കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ സനീഷ് ജോർജ്ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒരു മാസക്കാലമായി സമരം നടത്തിയിരുന്നു. എൽ.ഡി.എഫ് പിന്തുണയോടെയായിരുന്നു സനീഷ് ജോർജജ് കഴിഞ്ഞ മൂന്നര വർഷക്കാലം ചെയർമാനായി തുടർന്നത്. കേസിൽ പ്രതിയായതിനെ തുടർന്ന് എൽ.ഡി.എഫ് രാജി ആവശ്യപ്പെട്ടെങ്കിലും സനീഷ് ജോർജ്ജ് വഴങ്ങിയിരുന്നില്ല. ഇതോടെ എൽ.ഡി.എഫ് പിന്തുണ പിൻവലിക്കുകയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തു. അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫും ബി.ജെ.പിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച മാദ്ധ്യങ്ങൾക്ക് മുന്നിൽ രാജി വെയ്ക്കുമെന്ന് സനീഷ് ജോർജ്ജ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഔദ്യോഗികമായി രാജിക്കത്ത് കൈമാറിയിരുന്നില്ല. ഇതേ തുടർന്ന് നടപടിക്രമങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11ന് കൗൺസിൽ യോഗം വിളിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കുന്നതിന് തൊട്ടു മുമ്പ് നഗരസഭാ ഓഫീസിലെത്തിയ സനീഷ് ജോർജ്ജ് രാജിക്കത്ത് കൈമാറുകയായിരുന്നു.

നഗരസഭാ കൗൺസിലർ മാത്യുവിനെ അയോഗ്യനാക്കിയത് ശരിവച്ചു

കൊച്ചി: തൊടുപുഴ നഗരസഭ പതിനൊന്നാം വാർഡ് കൗൺസിലർ മാത്യു ജോസഫിനെ അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻബെഞ്ച് ശരിവച്ചു. മാത്യു നൽകിയ അപ്പീൽ തള്ളിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയായി വിജയിച്ച മാത്യു ജോസഫ് പിന്നീട് സി.പി.എമ്മിൽ ചേരുകയായിരുന്നു. മാത്യുവിനെ അയോഗ്യനാക്കാനാവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് യു.ഡി.എഫ് കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, കെ. ദീപക് എന്നിവർ പരാതി നൽകിയെങ്കിലും അനുവദിച്ചില്ല. തുടർന്ന് നൽകിയ ഹർജിയിലായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. അപ്പീലിൽ ആദ്യം സ്റ്റേ കിട്ടിയെങ്കിലും ഇപ്പോൾ അയോഗ്യത ശരിവച്ചതോടെ മാത്യുവിന് ആറു വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. കേരളാ കോൺഗ്രസ് പിളർപ്പിൽ ജോസഫ് ഗ്രൂപ്പിന് അംഗീകാരം നഷ്ടപ്പെട്ടെന്നും കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെടാൻ അധികാരമില്ലെന്നുമാണ് അപ്പീലിൽ പ്രധാനമായും വാദിച്ചത്. എന്നാൽ ജോസഫ് ഗ്രൂപ്പിന് പീന്നീട് ഹൈക്കോടതി തന്നെ അംഗീകാരം നൽകിയതും ചിഹ്നം അനുവദിച്ചതും എതിർകക്ഷികൾ ചൂണ്ടിക്കാട്ടി. ഇതുകൂടി കണക്കിലെടുത്താണ് മാത്യുവിന്റെ അപ്പീൽ തള്ളിയത്. ഹർജിക്കാർക്ക് വേണ്ടി അഡ്വ. കെ.സി. വിൻസൻറ്, അഡ്വ. ജോസി ജേക്കബ് എന്നിവർ ഹാജരായി.