തൊടുപുഴ: കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്ക് 'സ്നേഹിതയ്ക്ക് " 10 വയസ്. പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾക്ക് ആഗസ്റ്റ് ഒന്നു മുതൽ തുടക്കം കുറിക്കുകയാണെന്ന് ജില്ലാ മിഷൻ കോഡിനേറ്റർ സി.ആർ. മിനി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2013ൽ ആരംഭിച്ച സ്നേഹിത പ്രോജക്ട് ജില്ലയിൽ തുടങ്ങിയത് 2015ലാണ്. കട്ടപ്പനയിലായിരുന്ന ജില്ലാ ഓഫീസ് 2017ൽ മരിയാപുരം പഞ്ചായത്തിലെ തങ്കമണി റോഡിലേക്ക് മാറി. സ്നേഹിതയുടെ സ്നേഹത്തണലിൽ, മിഴിവ്, യാനം, സ്നേഹപൂർവം സ്നേഹിത, കണ്ണട, മാറ്റോലി, ആട്ടം, ധീരം, തന്മ, കെ. ഫോക്കസ് എന്നീ പദ്ധതികളാണ് തുടങ്ങാനിരിക്കുന്നത്. മാദ്ധ്യമങ്ങളിലൂടെ സ്നേഹിതയുടെ പ്രചാരണമാണ് സ്നേഹിതയുടെ സ്നേഹത്തണലിലൂടെ ലക്ഷ്യമിടുന്നത്. മിഴിവ് പദ്ധതിയിലൂടെ അയൽകൂട്ടങ്ങളിലും പൊതുസ്ഥാപനങ്ങളിലും വാഹനങ്ങളിലും ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്റ്റിക്കർ ക്യാമ്പയിൻ നടത്തും. കോളേജ് വിദ്യാർഥികൾക്കും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും പങ്കെടുക്കാവുന്ന സ്‌നേഹിത പ്രചാരണ റീൽസ് മത്സരമാണ് യാനം. സ്‌നേഹപൂർവ്വം സ്നേഹിതയിൽ ജെൻഡർ പോയിന്റ് പേഴ്സൺമാരെ ഉൾപ്പെടുത്തി സന്ദേശം പ്രചരിപ്പിക്കും. വിവിധ സി.ഡി.എസുകളിൽ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ നേതൃത്വം നൽകുന്ന ഫ്ളാഷ്മോബ് അവതരണമാണ് ആട്ടം. മാറ്റോലിയിലൂടെ സ്നേഹിത പദ്ധതിവഴി ജീവിതത്തിൽ മാറ്റങ്ങളുണ്ടായവർ അനുഭവങ്ങൾ പങ്കുവയ്ക്കും. സിനിമകൾ ജെൻഡർ ലെൻസിലൂടെ വിലയിരുത്താനും ചർച്ചചെയ്യാനും അവസരമൊരുക്കുകയാണ് കണ്ണട. ട്രൈബൽ വിഭാഗത്തിലെ കുട്ടികളുടെ ഉന്നമനത്തിന് തന്മയും കുടുംബശ്രീ പ്രവർത്തകരുടെ പ്രാപ്തി വർധനവിന് കെ ഫോക്കസും ലക്ഷ്യമിടുന്നു. ജെൻഡർ വിഭാഗം നടത്തുന്ന കരാട്ടേ പരിശീലനമാണ് ധീരം. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രോഗ്രാം മാനേജർമാരായ ബിജു ജോസഫ്, ഐ.എസ്. സൗമ്യ എന്നിവരും പങ്കെടുത്തു.