തൊടുപുഴ: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ഇടുക്കി കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ധർണ എ.കെ.സി.എ സംസ്ഥാന സെക്രട്ടറി പി.വി. മാത്യു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.വി. ജിനു അദ്ധ്യക്ഷത വഹിക്കും. അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തോടനുബന്ധിച്ചാണ് ജില്ലയിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്. ദിവസേന കുതിച്ചുയരുന്ന പലചരക്ക്, പച്ചക്കറി, മാത്സ്യമാംസാദികൾ എന്നിവയുടെ വില കാറ്ററിങ് മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അനിയന്ത്രിത വിലക്കയറ്റം മൂലം ഭക്ഷണനിർമാണ, വിതരണ മേഖലയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. സംസ്ഥാനത്താകെ ലക്ഷക്കണക്കിന് തൊഴിലാളികളാണ് കാറ്ററിങ് മേഖലയെ ആശ്രയച്ച് ജീവിക്കുന്നത്. ഇക്കാര്യങ്ങൾ സർക്കാരിന് മുന്നിലെത്തിക്കുക എന്നതാണ് ധർണയുടെ പ്രഥമ ലക്ഷ്യം. ജില്ലയിൽ മതസാമുദായിക സംഘനകളുടെ ഹാളുകളാണ് കൂടുതലായുമുള്ളത്. സ്വകാര്യ ഹാളുകളിൽ വിപുലമായ മാലിന്യനിർമ്മാർജ്ജന സംവിധാനങ്ങൾ ഉള്ളപ്പോൾ, ഇത്തരം സംഘനകളുടെ ഹാളുകളിൽ യാതൊരു സൗകര്യവുമില്ല. ഭക്ഷണം കൊണ്ടുപോകുന്ന വാഹനത്തിൽ തന്നെ മാലിന്യം തിരിച്ച് കൊണ്ടുപോകേണ്ട സാഹചര്യമാണുള്ളത്. വാടകയ്ക്ക് നൽകുന്ന എല്ലാ ഹാളുകളിലും മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനങ്ങൾ നിർബന്ധമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ എ.കെ.സി.എ സംസ്ഥാന സെക്രട്ടറി മാത്യു പൂവേലിൽ, ജില്ലാ പ്രസിഡന്റ് പി.വി. ജിനു, തൊടുപുഴ മേഖല ഭാരവാഹികളായ ഡിജോ ജോസ്, റോൺ കെ. തോമസ് എന്നിവർ പങ്കെടുത്തു.