അടിമാലി: അടിമാലി മേഖലയിൽ കനത്ത മഴയിൽ വ്യാപക നാശം. ചാറ്റുപാറ മൂകാമ്പിക നഗറിൽ അമ്പാട്ട് മനോജിന്റെ വീട്ടിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. കല്ലാർ വട്ടയാറിൽ കല്ലു വീട്ടിൽ സൈമണിന്റെ വീട് മണ്ണിടിച്ചിലിൽ തകർന്നു. വീട്ടുപകരണങ്ങളെല്ലാം നശിച്ചു. ആർക്കും പരിക്കില്ല. കല്ലാർകുട്ടിയ്ക്ക് സമീപം പാലയ്ക്കത്തൊട്ടിയിൽ ഗോപിയുടെ കടയ്ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് ഭാഗികമായി നാശനഷ്ടമുണ്ടായി. അടിമാലി അമ്പലപ്പടിയിൽ രണ്ട് വീടുകൾ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി. അടിമാലി കാംകോ ജംഗ്ഷന് സമീപം ചെമ്പോത്തുങ്കൽ കുഞ്ഞുമോന്റെ വീട്ടിൽ വലിയ പാറക്കല്ല് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. ഈ സമയം സിനിമ, സീരിയൽ താരം ഷൈജോ അടിമാലിയും കുട്ടികളും ഉൾപ്പെടെ വീടിനകത്തുണ്ടായിരുന്നു. ഷൈ ജോയുടെ ഭാര്യ വീടാണിത്. ആർക്കും പരിക്കില്ല. പാറത്തോട് സെന്റ് ജോർജ് പള്ളിയുടെ കുരിശുപള്ളിക്ക് സമീപമുണ്ടായിരുന്ന കൽക്കെട്ട് ഇടിഞ്ഞു വീണു. ഒരു സ്‌കൂട്ടർ തകർന്നു. കല്ലാർ മാങ്കുളം റോഡിൽ കുരിശുപാറ ടൗൺ വെള്ളക്കെട്ടിലായി. സമീപമുള്ള പുഴയിൽ ക്രമാതീതമായി വെള്ളമുയർന്നതിനെ തുടർന്ന് വെള്ളക്കെട്ടുണ്ടായത്. കടകളിലെല്ലാം വെള്ളം കയറി. കല്ലാർകുട്ടി ഡാമിന്റെ മുഴുവൻഷട്ടറുകളും തുറന്നതോടെ പനംകുട്ടി ചപ്പാത്തിലൂടെ ഗതാഗതം നിറുത്തിവെച്ചു.