തൊടുപുഴ: 2018ലെ പ്രളയത്തിന് സമാനമായി മൂന്ന് ദിവസമായി തുടരുന്ന കോരിച്ചൊരിയുന്ന മഴയിൽ ജില്ലയിൽ പരക്കെ നാശം. അടിമാലി മച്ചിപ്ലാവ് പള്ളിക്കടുത്ത് ഓടയിൽ വീണ് ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. മച്ചിപ്ലാവ് പള്ളിമനയിൽ ശശിധരനാണ് (63) മരിച്ചത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ശശി കാൽവഴുതി ഓടയിൽ വീഴുകയായിരുന്നു. രാത്രിയായതിനാൽ സംഭവം ആരും നേരിൽ കണ്ടില്ല. ശശി രാത്രി തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ നാട്ടുകാരെ വിവരം അറിയിക്കുകയും തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ ഓടയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഭാര്യ സുജാത. മക്കൾ: ഷാമോൻ, ഷൈമോൾ. മരുക്കൾ: അപർണ്ണ, ഷാജു. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
ഉടുമ്പഞ്ചോല താലൂക്കിൽ രണ്ടെണ്ണവും തൊടുപുഴ, ദേവികുളം താലൂക്കിൽ ഒരെണ്ണവും വീതം നാല് വീടുകൾ തകർന്നു. മാങ്കുളത്ത് നിന്ന് കുറത്തിക്കുടിയിലേക്ക് പോകുന്ന ഭാഗത്തെ കലുങ്ക് തകർന്നു ഗതാഗതം തടസപ്പെട്ടു. സമീപത്തെ വീടിന്റെ സംരക്ഷണമതിൽ ഇടിഞ്ഞുവീണ് ബൈസൺവാലി ടീകമ്പനി സ്വദേശി മഞ്ജുകുമാറിന്റെ വീടിന് പിൻഭാഗം തകർന്നു. ആനച്ചാൽ- കുഞ്ചിത്തണ്ണി റോഡിൽ ആഡിറ്റ് ഇറക്കത്തിൽ ഹോംസ്റ്റേയുടെ സംരക്ഷണഭിത്തി റോഡിലേക്ക് പതിച്ചു. പവർഹൗസ്- ചിത്തരപുരം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കുഞ്ചിത്തണ്ണി ദേശീയത്ത് പുളിഞ്ചോട് ജംഗ്ഷനിൽ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി. വണ്ടിപ്പെരിയാർ വികാസ് നഗറിൽ മണ്ണിടിഞ്ഞു. തിങ്കളാഴ്ച രാത്രിയിൽ ഇല്ലിചാരി ഗവ. എൽ.പി സ്‌കൂളിന് മുകളിലേക്ക് മരം വീണു. സ്‌കൂളിന് സമീപമുള്ള പള്ളിവക സ്ഥലത്ത് നിന്ന മരമാണ് കടപുഴകി വീണത്. പിന്നീട് ക്രെയിൻ കൊണ്ടുവന്ന് മരം സ്‌കൂളിന് മുകളിൽ നിന്ന് എടുത്തു മാറ്റി. മുതിരപ്പുഴ, ദേവിയാർപുഴ, ഉപ്പാർ, വേളൂർപുഴ എന്നീ നദികൾ കരകവിഞ്ഞൊഴുകി. അടിമാലിയിൽ ദേവിയാർ പുഴകവിഞ്ഞ് തീരത്തെ നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിലെമ്പാടും പലയിടങ്ങളിലും മരം ലൈനിക്ക് വീണും പോസ്റ്റ് കടപുഴകിയും വൈദ്യുതി മുടങ്ങി. പലയിടത്തും രാത്രി വൈകിയും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. മരം വീണ് നിരവധിയിടങ്ങളിൽ ഗതാഗതം മുടങ്ങി. ഫയർഫോഴ്സെത്തിയാണ് മരംമുറിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്.
അലർട്ടുകൾ പിൻവലിക്കുന്നത് വരെ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ചു. മലയോരമേഖലയിൽ വൈകിട്ട് ഏഴ് മുതൽ രാവിലെ ആറ് വരെ രാത്രിയാത്രയും നിരോധിച്ചു. ഖനന പ്രവർത്തനങ്ങൾക്കും മണ്ണെടുപ്പിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. തോട്ടം, തൊഴിലുറപ്പ്, റോഡ് നിർമ്മാണം തുടങ്ങിയ ജോലികൾ നിറുത്താനും ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇന്നലെ ഉച്ചയോടെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് ജില്ലയിൽ മഞ്ഞ അലർട്ടാണ്.
മൂന്നാറിൽ പേമാരി
കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മൂന്നാർ ഉൾപ്പെടുന്ന ദേവികുളം താലൂക്കിലാണ്- 198.4മില്ലി മീറ്റർ. ദേവികുളം താലൂക്കിൽ മൂന്നിടങ്ങളിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. പള്ളിവാസലിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം മുടങ്ങി. തിങ്കളാഴ്ച രാത്രി ഹെഡ്‌വർക്സ് ഡാമിനും പള്ളിവാസലിനുമിടയിൽ ഉരുൾപ്പൊട്ടിയതിനെതുടർന്ന് കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ലക്ഷ്മി എസ്റ്റേറ്റ് നാഗർമുടി ഡിവിഷനിലും കല്ലാർ എസ്റ്റേറ്റ് പുതുക്കാട് ഡിവിഷനിലും ചെറിയ ഉരുൾപ്പൊട്ടലുണ്ടായി. മൂന്നാർ- ഗ്യാപ്പ് റോഡിൽ വലിയ മലയിടിച്ചിലുണ്ടായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഇതുവഴിയുള്ള ഗതാഗതം അനിശ്ചിതകാലത്തേക്ക് കളക്ടർ നിരോധിച്ചു. മണ്ണിടിഞ്ഞും മറ്റും പാലം തകർന്ന് കേരളത്തിലെ ഏകഗോത്രവർഗപഞ്ചായത്തായ ഇടമലക്കുടി ഒറ്റപ്പെട്ട നിലയിലാണ്. മറയൂർ- മൂന്നാർ അന്തർസംസ്ഥാന പാതയിൽ മണ്ണിടിഞ്ഞു.
അഞ്ച് അണക്കെട്ടുകൾ തുറന്നു
കല്ലാർകുട്ടി, പാബ്ല, മലങ്കര, പൊൻമുടി, ഹെഡ്‌വർക്‌സ് എന്നീ അണക്കെട്ടുകൾ തുറന്നു. ഇടുക്കി ഡാമിൽ ഒറ്റ ദിവസം കൊണ്ട് ജലനിരപ്പ് 2360.56 അടിയായി. സംഭരണശേഷിയുടെ 55 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 128.90 അടിയായി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി.
കൺട്രോൾ റൂമുകൾ
ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ: 9383463036, 04862 233111, 04862 233130
ടോൾ ഫ്രീ നമ്പർ: 1077
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ ഫോൺ നമ്പറുകൾ
ഇടുക്കി- 04862 235361
തൊടുപുഴ- 04862 222503
ഉടുമ്പഞ്ചോല- 04868 232050
പീരുമേട്- 04869 232077
ദേവികുളം- 04865 264231
നാലിടത്ത് ക്യാമ്പുകൾ
മൂന്നാർ മൗണ്ട് കാർമ്മൽ ചർച്ച് ഓഡിറ്റോറിയം- 42 പേർ
ഗവ. ഹൈസ്കൂൾ ചിത്തിരപുരം- 35 പേർ
ഖജനാപ്പാറ ഗവ. എച്ച്.എസ്.എസ്- 27 പേർ
പാറത്തോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ- 5
മഴയുടെ അളവ്
ഉടുമ്പഞ്ചോല- 72 മില്ലി മീറ്റർ
ദേവികുളം- 198.4
പീരുമേട്- 155
ഇടുക്കി- 124.4
തൊടുപുഴ- 105.4
ശരാശരി- 131.04