തൊടുപുഴ: ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് എന്നപേരിൽ ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ ആറ് മാസം കൂടുമ്പോഴും സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ പഞ്ചായത്തിലും തൊഴിലുറപ്പ് പദ്ധതിയിലെ പ്രവർത്തനങ്ങൾ പരിശോധിക്കുകയും പോരായ്മകളും ന്യൂനതകളും കണ്ടെത്തുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഉടുമ്പന്നൂർ പഞ്ചായത്തിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനായി മാർച്ച് 12ന് വിളിച്ചുചേർത്ത പബ്ലിക് ഹിയറിങ്‌ യോഗത്തിൽ അവതരിപ്പിക്കുന്നതിനായി ഓഡിറ്റ് ടീം തയ്യാറാക്കിയ ഓഡിറ്റ്‌ നോട്ടിന്റെ അടിസ്ഥാനത്തിലാണ് മാദ്ധ്യമങ്ങൾ വാർത്ത നൽകിയിട്ടുള്ളത്. ഉടുമ്പന്നൂരിൽ മാത്രമല്ല,​ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ഇത്തരത്തിലുള്ള ന്യൂനതകൾ കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ കണ്ടെത്തുന്ന പോരായ്മകൾ തൊഴിലാളികൾ തന്നെ പരിഹരിക്കുകയും അത്‌ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തി റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന രീതിയാണ് കേരളത്തിലാകെ ഉള്ളത്. ഉടമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ ഓഡിറ്റ് കാലയളവിൽ പ്രവർത്തികൾ നടന്ന 201 സൈറ്റുകൾ പരിശോധിച്ചതിൽ 26 സൈറ്റുകളിൽ കണ്ടെത്തിയ ചിലപോരായ്മകൾ അതത് തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ പ്രത്യേക ഗ്രാമസഭായോഗം ചേർന്ന്‌ ബോധ്യപ്പെടുത്തി ന്യൂനതകൾ പരിഹരിച്ച് ഇളംദേശംബ്ലോക്ക് പ്രോഗ്രാം ഓഫീസർക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ യഥാർത്ഥ വസ്തുതകൾ മനസ്സിലാക്കാതെ ഓഡിറ്റ്‌നോട്ടിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് എത്തിച്ച് നൽകിസോഷ്യൽ ഓഡിറ്റിൽ ക്രമക്കേടുകൾ കണ്ടെത്തി എന്ന രീതിയിലുള്ള പ്രചാരണം ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ സമൂഹമധ്യത്തിൽ ഇകഴ്ത്തി കാണിക്കുന്നതിന്‌വേണ്ടി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്നതാണെന്ന് പ്രസിഡന്റ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സുലൈഷ സലിം,​ ശാന്തമ്മ ജോയി, സെക്രട്ടറി കെ.പി. യശോധരൻ എന്നിവർ പങ്കെടുത്തു.